ഐകൂ മൊബൈലിന്റെ വലിയ വിപണികളിലൊന്നായി കേരളം
കഴിഞ്ഞ 12 മാസത്തിനിടെ കേരളത്തില്‍ നേടിയത് 75% വില്‍പന വളര്‍ച്ച
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഉപബ്രാന്‍ഡായ ഐകൂ (IQOO) കഴിഞ്ഞ ജൂണ്‍വരെയുള്ള 12 മാസത്തിനിടെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75 ശതമാനം വളര്‍ച്ചയെന്ന് സി.ഇ.ഒ നിപുണ്‍ മാര്യ. ഇന്ത്യയിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ കേരളത്തിന്റെ പങ്ക് നാല് ശതമാനമാണ്. ഐകൂവിന് ഏറ്റവുമധികം വില്‍പനയുള്ള 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കമ്പനിയുടെ ഇന്ത്യയിലെ ആകെ വില്‍പനയില്‍ എട്ട് ശതമാനം കേരളത്തിലാണ്.
വിവോ ക്യാമറയ്ക്കും രൂപകല്‍പനയ്ക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെങ്കില്‍ മികച്ച പ്രകടനം, കരുത്തുറ്റ പ്രോസസര്‍ എന്നിവയ്ക്കാണ് ഐകൂ മുന്‍തൂക്കം നല്‍കുന്നത്. 2020 ഫെബ്രുവരിയിലാണ് ഐകൂവിന്റെ തുടക്കം. ആമസോണിലൂടെയും കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റിലൂടെയുമാണ് (ഐകൂ ഇ-സ്‌റ്റോര്‍) വില്‍പന. ഓഫ്‌ലൈന്‍ സ്റ്റോറുകളിലൂടെ വില്‍പനയില്ല. ഐകൂവിന് 21 സര്‍വീസ് കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഓണത്തോട് അനുബന്ധിച്ച് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു.
ഐകൂ നിയോ 7 പ്രൊ
ഐകൂ അടുത്തിടെ വിപണിയിലെത്തിച്ച സ്മാര്‍ട്ട്‌ഫോണാണ് നിയോ 7 പ്രൊ. 8ജിബി റാം, 128 ജിബി സ്റ്റോറേജ് മോഡലിന് 34,999 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപയുമാണ് വില. ഫിയര്‍ലെസ് ഫ്‌ളെയിം, ഡാര്‍ക്ക് സ്‌ട്രോം നിറഭേദങ്ങളുണ്ട്. ഫിയര്‍ലെസ് ഫ്‌ളെയിമിന്റെ സ്റ്റോക്ക് വിറ്റുതീര്‍ന്നുവെന്നും നിപുണ്‍ മാര്യ പറഞ്ഞു. വിവോയുടെ നോയിഡയിലെ ഫാക്ടറിയിലാണ് കമ്പനി ഫോണുകള്‍ നിര്‍മ്മിക്കുന്നത്.