ടെക്‌നോപാര്‍ക്ക് 34-ാം വര്‍ഷത്തിലേക്ക്
72,000 ജീവനക്കാരും ടെക്നോപാര്‍ക്കിന്റെ വിവിധ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്
വിവര വിനിമയ സാങ്കേതിക വിപ്ലവ പാതയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി രാജ്യത്തെ ആദ്യ ഐ.ടി പാര്‍ക്കായ ടെക്‌നോപാര്‍ക്ക് 34-ാം വര്‍ഷത്തിലേക്ക്. 1990 ലാണ് ജൂലൈ 28 നാണ് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ വൈദ്യന്‍കുന്നിലെ 760ല്‍ പരം ഏക്കര്‍ സ്ഥലത്ത് ടെക്‌നോപാര്‍ക്ക് ആരംഭിച്ചത്. നിലവില്‍ 486 കമ്പനികളും72,000 ജീവനക്കാരും ടെക്നോപാര്‍ക്കിന്റെ വിവിധ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9775 കോടി രൂപയായിരുന്നു ടെക്നോപാര്‍ക്കിന്റെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനം.
ടെക്‌നോപാര്‍ക്കിലേക്കുള്ള യാത്ര
സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ ഉപദേഷ്ടാവായിരുന്ന കെ.പി.പി നമ്പ്യാരാണ് ഒരു ടെക്‌നോളജി പാര്‍ക്കെന്ന ആശയം മുന്നോട്ട് വച്ചത്. തുടര്‍ന്ന് 1989ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരും കെ.പി.പി നമ്പ്യാരുമുള്‍പ്പടെയുള്ള സംഘം സിലിക്കണ്‍വാലി സന്ദര്‍ശിച്ചു. 1990 ല്‍ ടെക്‌നോപാര്‍ക്കിന്റെ തറക്കില്ലിട്ടു. 1991ലായിരുന്നു ഇതിന്റെ ഉദ്ഘാടനം. അന്ന് ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. ജി. വിജയരാഘവെന്റ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കി. പിന്നീട് അദ്ദഹേം ടെക്‌നോപാര്‍ക്കിന്റെ പ്രഥമ സി.ഇ.ഒ ആയി ചുമതലയേറ്റു. 2005ല്‍ ഇന്‍ഫോസിസ് എത്തിയതോയാണ് പാര്‍ക്കിന് ഉണര്‍വായത്. തുടര്‍ന്ന് ഒട്ടേറെ ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍ ഇവിടേക്കെത്തി.
സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തി
കേരളത്തിലെ ഐ.ടി വ്യവസായ മേഖലയിലേക്ക് ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നതിനോടൊപ്പം അനേകം ചെറുകിട കമ്പനികളെ വളര്‍ത്തിക്കൊണ്ടുവരാനും ടെക്‌നോപാര്‍ക്കിന് സാധിച്ചു. ഇന്‍കുബേഷന്‍ രംഗത്ത് കോളെജ് കാമ്പസുകളിലേക്ക് കടന്നുചെല്ലുന്നതിലും സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നതിലുമൊക്കെ നിര്‍ണായക പങ്കുവഹിച്ച ടെക്‌നോപാര്‍ക്ക് നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട് .