നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ വെബ്സൈറ്റ്

Update: 2020-01-05 12:35 GMT

കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്ത ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ്. സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇആര്‍) എന്ന പേരിലുള്ള പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ആണിതിനു സൗകര്യമുള്ളത്.

നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്തുന്നതിനായി ഡല്‍ഹി പോലീസും ടെലികോം ഓപ്പറേറ്റര്‍മാരുമായി ചേര്‍ന്ന് പുതിയ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സിഡിഒടി) പ്രവര്‍ത്തിച്ചുതുടങ്ങിയതായി ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.ഈ വര്‍ഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് സൂചന.ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യും.

വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റവും ഡിജിറ്റല്‍ വൈദഗ്ധ്യവും കണക്കിലെടുത്ത് വ്യക്തിവിവരങ്ങള്‍ അടങ്ങിയ ഫോണുകളുടെ സുരക്ഷയും നിര്‍ണായകമാണെന്ന്  രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വികസനത്തിനായി രാജ്യം സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുമ്പോള്‍, സ്വന്തം ലക്ഷ്യങ്ങള്‍ക്കായി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന കുറേ കുറ്റവാളികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സിഇഐആര്‍ വഴി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ആദ്യം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെകുറിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് എഫ്.ഐ. ആര്‍ വിവരം ആവശ്യമാണ്. നഷ്ടപ്പെട്ട ഫോണിലെ സിം കാര്‍ഡുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകളും വാങ്ങിയിരിക്കണം. പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, സാധിച്ചാല്‍ ഫോണ്‍ വാങ്ങിയ ബില്ല് എന്നിവയും കരുതുക.

അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ലഭിക്കുന്ന റിക്വസ്റ്റ് ഐ ഡി ഉപയോഗിച്ച് ഐ.എം.ഇ.ഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം. ഫോണ്‍ തിരികെ ലഭിച്ചാല്‍ പൊലീസില്‍ അറിയിച്ച ശേഷം ഇതേ വെബ്സൈറ്റില്‍ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News