ഇന്ത്യയില്‍ 'മാല്‍വെയര്‍' ആക്രമണം വര്‍ധിക്കുന്നു, ബിസിനസുകാര്‍ സൈബര്‍ സുരക്ഷ കൂട്ടേണ്ടി വരും

എ.ഐ ഗുണത്തോടൊപ്പം ദോഷവും

Update:2024-08-19 16:31 IST

Image : Canva

സാങ്കേതിക വിദ്യകളുടെ വളര്‍ച്ചക്കൊപ്പം സുപ്രധാനമായ ഡാറ്റകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളും വര്‍ധിക്കുന്നു. ഇന്ത്യയില്‍ ഈ വര്‍ഷം മാത്രം മാല്‍വെയര്‍ ആക്രമണത്തിന്റെ തോത് 11 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. നിര്‍മിത ബുദ്ധി ഉള്‍പ്പടെയുള്ള പുതു തലമുറ സാങ്കേതിക വിദ്യകള്‍ സൈബര്‍ ആക്രമണത്തിനും ഉപയോഗിക്കുന്നതാണ് വെല്ലുവിളികള്‍ വര്‍ധിപ്പിക്കുന്നത്. സ്വന്തം സോഫ്റ്റ് വെയറുകളും ഡാറ്റകളും സംരക്ഷിക്കാന്‍ ഇനി പ്രത്യേക സൈബര്‍ കവചം തന്നെ ബിസിനസുകാര്‍ ഒരുക്കേണ്ടി വരും. ഇല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടം ഏറെ വലുതാകുമെന്നാണ് പ്രമുഖ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കസ്പര്‍സ്‌കി ചൂണ്ടിക്കാട്ടുന്നത്.

എ.ഐ: ഇരുതല മൂര്‍ച്ഛയുള്ള വാള്‍

ഇന്ത്യയില്‍ ക്ഷുദ്ര സോഫ്റ്റ് വെയറുകളായ മാല്‍വെയറുകളുടെ ആക്രമണം ഈ വര്‍ഷം 11 ശതമാനം വര്‍ധിച്ചതായി സൈബര്‍ സെക്യൂരിറ്റി സംബന്ധിച്ച് സോണിക് വോള്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. 13.5 ലക്ഷം മാല്‍വെയര്‍ ആക്രമണങ്ങളാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12 ലക്ഷമായിരുന്നു. നിര്‍മിത ബുദ്ധി ഇരുതല മൂര്‍ച്ഛയുള്ള വാളാണെന്നാണ് കസ്പര്‍സ്‌കി എ.പി.എ.സി റീജിയന്‍ മാനേജിംഗ് ഡയരക്ടര്‍ ആഡ്രിയാന്‍ ഹിയ ചൂണ്ടിക്കാട്ടുന്നത്. ഒരേ സമയം നിര്‍മാണാത്മകമായും വിനാശകരമായും എ.ഐ.പ്രവര്‍ത്തിച്ചു വരികയാണെന്ന് അദ്ദേഹം പറയുന്നു. കമ്പനികളുടെ സോഫ്റ്റ് വെയറുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തിന്റെ സാധ്യതകള്‍ 20 ശതമാനമാണ് വര്‍ധിച്ചിട്ടുള്ളത്. ലോകത്താകമാനം ഡാറ്റകളുടെ എണ്ണം പെരുകി വരികയും അവയിലേക്ക് എത്താന്‍ മാല്‍വെയറുകള്‍ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ തുണയാകുകയും ചെയ്യുമ്പോള്‍ ആക്രമണ ഭീഷണി ഉയര്‍ന്നു കൊണ്ടിരിക്കും. ഇന്ത്യയില്‍ 300 കോടി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇവക്കൊപ്പം കമ്പ്യൂട്ടറുകളില്‍ നിന്നുമുള്ള ഇന്റര്‍നെറ്റ് ഉപയോഗം അതിവേഗം വര്‍ധിക്കുമ്പോള്‍ ഡാറ്റകളുടെ സ്വകാര്യത നഷ്ടപ്പെടുകയാണ്. സൈബര്‍ ആക്രമണത്തിനുള്ള വേദികള്‍ വിശാലമാകുകയാണ്. ആഡ്രിയാന്‍ ഹിയ വിശദീകരിക്കുന്നു.

സുരക്ഷാ ബജറ്റ് കൂട്ടേണ്ടി വരും

വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങള്‍ മുന്നില്‍ കണ്ട് ലോകത്താകമാനമുള്ള  സര്‍ക്കാരുകളും കമ്പനികളും സൈബര്‍ സുരക്ഷക്കുള്ള ബജറ്റ് കൂട്ടേണ്ടി വരുമെന്ന് സോണിക് വോളിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രധാനമായ ഡാറ്റകളുടെ സുരക്ഷാ കവചം ശക്തമാക്കേണ്ടി വരും. സൈബര്‍ സുരക്ഷക്കുള്ള ബജറ്റ് 20 ശതമാനം കൂട്ടാന്‍ സര്‍ക്കാരുകളും കമ്പനികളും നിര്‍ബന്ധിതരാകുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News