വീഡിയോ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമിലേക്ക് മൈക്രോസോഫ്റ്റും? ഡിസ്‌കോഡിനെ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

10 ബില്യണ്‍ ഡോളറിന്റേതായിരിക്കും ഇടപാടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടിക് ടോക്കിനെ സ്വന്തമാക്കാന്‍ പരിശ്രമിച്ച മൈക്രോസോഫ്റ്റ് ഇപ്പോള്‍ ലക്ഷ്യമിടുന്നത് എന്ത്? അറിയാം.

Update: 2021-03-24 08:25 GMT

വീഡിയോ ഗെയിം ചാറ്റ് കമ്മ്യൂണിറ്റിയായ ഡിസ്‌കോഡ് ഇങ്കിനെ 10 ബില്യണ്‍ ഡോളറിലധികം മുടക്കി മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വില്‍പ്പനയ്ക്ക് പകരം ഡിസ്‌കോഡ് ഓഹരിവിപണിയിലേക്കാകും ഇറങ്ങുക എന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം പുതിയ ഡീല്‍ സംബന്ധിച്ച് ഇതുവരെ ഇരുകമ്പനികളും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

വീഡിയോ ഗെയിമിംഗിനു പുറമെ, ടെക്സ്റ്റ് ചാറ്റ്, വോയ്‌സ്, വീഡിയോ എന്നിവ കൈമാറാനും ചാറ്റ് ചെയ്യാനും സൗജന്യമായി അനുവദിക്കുന്ന ആപ്പ് ആണ് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഡിസ്‌കോഡ്.
ലോക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിപ്പോയവര്‍ക്ക് പഠന സാങ്കേതികവിദ്യകള്‍, ഡാന്‍സ് ക്ലാസുകള്‍, ബുക്ക് ക്ലബ്ബുകള്‍, മറ്റ് വെര്‍ച്വല്‍ ഒത്തുചേരലുകള്‍ എന്നിവയ്‌ക്കെല്ലാം ഇതിന്റെ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോം ഏറെ ഉപകാരപ്പെട്ടിരുന്നു. ഇത് ഡിസ്‌കോഡിന്റെ ഉപഭോക്തൃ നിരയും വര്‍ധിപ്പിച്ചു.
പ്രതിമാസം 100 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുണ്ട് ഇതിന്. മാത്രമല്ല ഇത് കേവലം ഒരു ഗെയിം കേന്ദ്രീകൃത ചാറ്റ് പ്ലാറ്റ്ഫോം എന്നതിലുപരി ''പ്ലേസ് ടു ടോക്'' എന്ന നിലയിലാണ് ആഗോള ഉപഭോക്താക്കള്‍ കണക്കാക്കുന്നത്.
കമ്യൂണിറ്റി ബില്‍ഡിംഗ് സോഷ്യല്‍മീഡിയ ആപ്പുകളില്‍ മൈക്രോസോഫ്റ്റിനുള്ള കുറച്ച്‌നാളുകളായി താല്‍പര്യം പ്രകടമായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ടിക് ടോക്ക് വാങ്ങാന്‍  മൈക്രോസോഫ്റ്റ്  ശ്രമിക്കുകയും പിന്ററസ്റ്റ് ഇന്‍കോര്‍പ്പറേറ്റ് സ്വന്തമാക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
വീഡിയോ കമ്യൂണിറ്റിയിലേക്കുള്ള ആളുകളുടെ താല്‍പര്യം പരിഗണിച്ച് ഈ മേഖലയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പുതിയ തീരുമാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഇന്നലെ മൈക്രോസോഫ്റ്റ് ഓഹരികള്‍ 1.3 ശതമാനം വരെ ഉയരുകയും ചെയ്തിരുന്നു.



Tags:    

Similar News