എയർപോർട്ടുകൾ മാറുന്നു: ഇനി നിങ്ങളുടെ മുഖം തന്നെ ബോഡിങ് പാസ്സ്

Update: 2018-10-06 09:19 GMT

രാജ്യത്തെ എയർപോർട്ടുകൾ വലിയ മാറ്റത്തിന്റെ പാതയിലാണെന്ന് സൂചിപ്പിച്ചു കൊണ്ട് ആഭ്യന്തര യാത്രക്കാർക്ക് കടലാസ് രഹിത യാത്രക്കുള്ള വഴിയൊരുങ്ങുന്നു.

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിമാനയാത്ര കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിടുകയാണ് സർക്കാർ. ഇതിനായി ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (മുഖം കണ്ടു യാത്രക്കാരെ തിരിച്ചറിയാനുള്ള സംവിധാനം) ഉപയോഗിച്ച് യാത്രക്കാർക്ക് ബയോമെട്രിക് ഐഡന്റിഫിക്കേഷൻ നൽകാനാണ് പദ്ധതി. അപ്പോൾ ബോർഡിങ് പാസ്സ് വേണ്ടിവരില്ല.

രാജ്യത്തെ മെട്രോ നഗരങ്ങളിലെ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ചിട്ടുള്ള നാല് എയർപോർട്ടുകളിലും എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള മറ്റ് നാല് എയർപോർട്ടുകളിലുമാണ് ആദ്യം ഇത് നടപ്പാക്കുക. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, വാരാണസി, വിജയവാഡ, കൊൽക്കത്ത, പുണെ തുടങ്ങിയ സ്ഥലങ്ങളിലാണ് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ആദ്യം കൊണ്ടുവരിക. അടുത്ത ആറ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഈ സൗകര്യം പ്രയോജനപ്പെടുത്താൻ താല്പര്യമുള്ളവർ വ്യോമയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Similar News