വ്യക്തി വിവരം ചോര്‍ന്നെന്ന വാര്‍ത്ത തെറ്റ്: ട്രൂകോളര്‍

Update: 2020-05-28 11:21 GMT

ട്രൂകോളര്‍ വഴി 4.75 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക് വെബില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നതായ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ട്രൂകോളര്‍. ഡാറ്റാബേസില്‍ ഒരു ചോര്‍ച്ചയും സംഭവിച്ചിട്ടില്ലെന്നും എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നും ട്രൂകോളറിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ആയിരം ഡോളറിന് (ഏതാണ്ട് 75,000 രൂപ) ഡാര്‍ക് വെബില്‍ വില്‍പനയ്ക്ക് വച്ചതായി ഓണ്‍ലൈന്‍ അന്വേഷണ ഏജന്‍സിയായ സൈബിള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ട്രൂകോളര്‍ കോളര്‍ ഐഡന്റിഫിക്കേഷന്‍ സര്‍വീസിന്റെ ഡാറ്റാബേസില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ത്തിയതത്രേ.ട്രൂകോളര്‍ ഡാറ്റാബേസില്‍ നിന്നുള്ള 2019 ലെ ഉപഭോക്തൃ വിവരങ്ങളാണ് ഡാര്‍ക് വെബില്‍ വില്‍പനയ്ക്കുള്ളതെന്നും 1000 ഡോളര്‍ പോലെ കുറഞ്ഞ തുകയ്ക്ക് ഈ വിവരങ്ങള്‍ വില്‍പന നടത്തുന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

കൃത്യമായി ക്രമീകരിച്ച തരത്തിലുള്ള വിവരങ്ങളാണ് ചോര്‍ന്നത്. സംസ്ഥാനം, നഗരം, മൊബൈല്‍ ഓപ്പറേറ്റര്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ ക്രമീകരിക്കുന്നതിനായി അത്യാവശ്യം സമയം ചെലവഴിച്ചിരിക്കാം-റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, ഉപഭോക്താക്കളുടെ സ്വകാര്യതയും സേവനങ്ങളുടെ സ്ഥിരതയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംശയാസ്പദമായ നീക്കങ്ങളുണ്ടോയെന്ന് തുടര്‍ച്ചയായി നിരീക്ഷിക്കാറുണ്ടെന്നും ട്രൂകോളര്‍ വക്താവ് പറഞ്ഞു.

പ്രധാനമായും പണം തട്ടാന്‍ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ വലയില്‍ വീഴാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ട്രൂകോളര്‍ ആവശ്യപ്പെട്ടു.2019 മേയിലും തങ്ങളുടെ ഡാറ്റാബേസ് ചോര്‍ന്നതായി അറിയിപ്പ് ലഭിച്ചിരുന്നെന്ന് ട്രൂകോളര്‍ അധികൃതര്‍ പറഞ്ഞു. 'അവരുടെ കയ്യിലുള്ളത് മുന്‍പത്തെ അതേ വിവര ശേഖരമായിരിക്കും. ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് അത് ട്രൂകോളറില്‍ നിന്നുള്ള വിവരമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമാണ്. ഡാറ്റയ്ക്ക് വിശ്വസനീയത നല്‍കാനും എളുപ്പത്തില്‍ വില്‍ക്കാനും അത് സഹായകരമാവും,'- ട്രൂകോളര്‍ വക്താവ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News