ഇനി ഗൂഗിള്‍ മാപ്പ് വേണ്ട, ഇലക്ട്രിക് പോസ്റ്റ് നോക്കി ലക്ഷ്യസ്ഥാനത്തെത്താം

നമ്മുടെ സുഹൃത്തോ മറ്റോ എവിടെയെങ്കിലും അകപ്പെട്ടുപോയാല്‍ നാടിന്റെ പേര് അറിയില്ലെങ്കിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റ് മനസിലാക്കി അവിടെയെത്താം

Update:2021-04-15 12:06 IST

എവിടെ പോകുന്നുണ്ടെങ്കിലും ഗൂഗിള്‍ മാപ്പ് നോക്കി വഴി കണ്ടുപിടിക്കുന്നവരാണ് മലയാളികള്‍. ഇങ്ങനെ ഉള്‍ഗ്രാമങ്ങളിലേക്കോ മറ്റോ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാവാത്തതൊക്കെ ഒരു പ്രശ്‌നമാകാറുമുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഗമമായി ലക്ഷ്യസ്ഥാനത്തെത്താന്‍ ഒരു അടിപൊളി മാര്‍ഗമുണ്ട്, എന്താണെന്നല്ലേ ? നമ്മുടെ കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റുകള്‍ തന്നെ. നമ്മുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ നോക്കി നമുക്ക് നമ്മുടെ ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ കഴിയും. അതിന് ലക്ഷ്യസ്ഥാനത്തിനടുത്ത് ഒരു ഇലക്ട്രിക് പോസ്റ്റ് ഉണ്ടാവണമെന്ന് മാത്രം. നമ്മുടെ സുഹൃത്തോ മറ്റോ എവിടെയെങ്കിലും സ്ഥലമറിയാതെ കുടുങ്ങിപോയാല്‍ നാടിന്റെ പേരറിയില്ലെങ്കിലും അവിടത്തെ ഇലക്ട്രിക് പോസ്റ്റിലെ നമ്പര്‍ മനസിലാക്കി നമുക്ക് അവിടെയെത്താം.

വഴികാട്ടി ഇലക്ട്രിക് പോസ്റ്റിലെ നമ്പര്‍
പലരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ഇലക്ട്രിക് പോസ്റ്റിലെ നമ്പര്‍, എന്നാല്‍ അത് നമുക്കൊരു വഴികാട്ടി കൂടിയാണ്. പ്രധാനമായും ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളുമാണ് ഇലക്ട്രിക് പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവുക. ഇവ ഓരോന്നും ഓരോ സ്ഥലങ്ങളെയും റോഡുകളെയുമാണ് സൂചിപ്പിക്കുന്നത്.
ആദ്യത്തെ ഇംഗ്ലീഷ് അക്ഷരം ഏത് സെക്ഷനിലെ പോസ്റ്റ് എന്നതാണ് സൂചിപ്പിക്കുന്നത്. അതിന് താഴെയായി രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂടി കാണാവുന്നതാണ്. ഇവയിലൂടെ ഏത് റോഡാണെന്ന് മനസിലാക്കാന്‍ സാധിക്കും. ഏത് റോഡിലൂടെ പോകുന്ന ഇലക്ട്രിക് പോസ്റ്റാണ് എന്നതാണ് ഈ രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന് താഴെയായി കാണുന്ന അക്കങ്ങളിലൂടെ റോഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാവുന്നതാണ്. ഉദാഹരണത്തിന് 15 എന്ന ഒറ്റനമ്പറാണ് കാണുന്നതെങ്കില്‍ അത് പ്രധാനപ്പെട്ട റോഡിലൂടെ പോകുന്ന പോസ്റ്റാണെന്ന് തിരിച്ചറിയാം. ഈ റോഡുകളില്‍നിന്ന് മാറി ഉള്‍നാടുകളിലേക്ക് പോകുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ക്കാണ് രണ്ടും മൂന്നും നമ്പര്‍ വരുന്നത്. ഉദാഹണത്തിന് 15 എന്ന നമ്പറുള്ള പ്രധാനറോഡില്‍നിന്ന് അകത്തേക്ക് പോകുന്ന റോഡുകള്‍ക്ക് 15/1, 15/2 തുടങ്ങിയ നമ്പറുകളായിരിക്കുമുണ്ടാവുക. ഈ റോഡില്‍നിന്നും വീണ്ടും അകത്തേക്ക് പോകുന്ന റോഡുകള്‍ക്ക് 15/1/1 എന്നിങ്ങനെയായിരിക്കും നമ്പറുകളുണ്ടാവുക. ഇതുവഴി നമ്മുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ നമുക്ക് സാധിക്കും.
എന്തായാലും നമ്മുടെ കേരളത്തിലുടനീളം വൈദ്യുതി കണക്ഷനുകളുള്ളതിനാല്‍ തന്നെ ഈ മാര്‍ഗമുപയോഗിച്ച് കേരളത്തിന്റെ എവിടെയും നമുക്ക് എത്താന്‍ സാധിക്കുന്നതാണ്. അതിന് ലക്ഷ്യസ്ഥാനത്തെ ഇലക്ട്രിക് പോസ്റ്റിന്റെ നമ്പര്‍ അറിയണമെന്ന് മാത്രം.


Tags:    

Similar News