ഫെയ്‌സ്ആപ്പ് മാത്രമല്ല, നിങ്ങളുടെ ഫോണിലുള്ള മറ്റ് ആപ്പുകളും അപകടകാരി

Update: 2019-07-20 10:03 GMT

ഉപയോക്താക്കളുടെ സ്വകാര്യത ഫേസ്ആപ്പ് എന്ന റഷ്യന്‍ ആപ്പ് ലംഘിക്കുകയാണെന്ന വാദം ഉപയോക്താക്കളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണല്ലോ. എന്നാല്‍ നമ്മുടെ ഫോണിലുള്ള മറ്റ് ആപ്പുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് ഇന്റര്‍നെറ്റ് സെക്യൂരിറ്റി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

നിങ്ങളുടെ ഫോണിലുള്ള മറ്റ് ആപ്പുകളുടെ നിബന്ധനകള്‍ വായിച്ചാല്‍ നിങ്ങളവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് ഉറപ്പാണ് എന്നാണ് ഫ്രെഞ്ച് സെക്യൂരിറ്റി റിസര്‍ച്ചര്‍ ഇലിയട്ട് ആല്‍ഡേഴ്‌സണ്‍ ട്വിറ്ററില്‍ പറയുന്നത്. 

റഷ്യന്‍ കമ്പനിയായ വയര്‍ലസ് ലാബ് ആണ് ഫേസ്ആപ്പ് വികസിപ്പിച്ചെടുത്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഇവര്‍ മുഖം മാറ്റുന്ന വിദ്യ സാധ്യമാക്കുന്നത്. ഫേസ്ആപ്പ് മുന്നോട്ടുവെക്കുന്ന നിബന്ധനകളാണ് സംശയത്തിലേക്ക് വഴിചൂണ്ടിയിരിക്കുന്നത്. ഇതിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ റോയല്‍റ്റി ആപ്പിന് സ്വന്തമാണെന്നും അത് എവിടെയും ഉപയോഗിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും നിബന്ധനയിലുണ്ട്. 

ഫേസ്ആപ്പ് സ്വകാര്യത ലംഘിക്കുന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണ് വിദഗ്ധര്‍ക്കുള്ളത്. ഫേസ്ആപ്പിനെതിനെ അന്വേഷണം വേണമെന്ന് അമേരിക്കന്‍ സെനറ്റ് മൈനോറിറ്റി ലീഡര്‍ ചാക്ക് ഷൂമര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അമേരിക്കന്‍ ജനതയുടെ സ്വകാര്യവിവരങ്ങള്‍ വിദേശശക്തിയുടെ തടവിലാക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുവത്രെ.

Similar News