653 കോടിയുടെ നികുതി വെട്ടിപ്പ്; ചൈനീസ് കമ്പനി ഷവോമിക്ക് നോട്ടീസ്
2017 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്
പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി (Xiaomi India) ഇന്ത്യയില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ). 2017 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെ 653 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഷവോമി ഇന്ത്യ നടത്തിയത്. ഉല്‍പ്പന്നങ്ങളുടെ വില കുറച്ച് കാണിച്ചാണ് കമ്പനി കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുകയായിരുന്നു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷവോമി ഇന്ത്യയുടെ വിവിധ ഓഫീസുകളില്‍ പരിശോധന നടത്തിയ ഇന്റലിജന്‍സ് വിഭാഗം രേഖകള്‍ പിടിച്ചെടുത്തു. ഷവോമി ഇന്ത്യയ്‌ക്കെതിരെയും കമ്പനിയുടെ കരാര്‍ നിര്‍മ്മാതാക്കള്‍ക്കെതിരെയുമാണ് അന്വേഷണം നടക്കുന്നത്. വിഷയത്തില്‍ ഷവോമിക്ക് ഡിആര്‍ഐ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ക്വാല്‍കോം യുഎസ്എയ്ക്കും ചൈനയിലെ ഷവോമി മൊബൈല്‍ സോഫ്റ്റ് വെയർ കമ്പനി ലിമിറ്റഡിനും നല്‍കിയ റോയല്‍റ്റിയും ലൈസന്‍സ് ഫീസും ഇടപാട് മൂല്യത്തില്‍ ഷവോമി ഇന്ത്യ ചേര്‍ത്തിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയിലേക്ക് ഫോണുകളും മറ്റും നേരിട്ട് ഇറക്കുമതി ചെയ്‌തോ അല്ലെങ്കില്‍ പാര്‍ട്ട്‌സുകള്‍ എത്തിച്ച് കരാര്‍ നിര്‍മാതാക്കള്‍ വഴി ഇവിടെ അസംബിള്‍ ചെയ്‌തോ ആണ് ഷവോമി ഇന്ത്യ വില്‍പ്പന നടത്തുന്നത്.