കാത്തിരുന്ന വണ്‍പ്ലസ് 9RT എത്തി; വില്‍പ്പന ജനുവരി 17 മുതല്‍
42,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
ടെക്ക് പ്രേമികള്‍ കാത്തിരുന്ന വണ്‍പ്ലസ് 9RT ഇന്ത്യന്‍ വിപണിയില്‍ എത്തി. ചൈനയില്‍ പുറത്തിറക്കി മൂന്നാം മാസമാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. അതേ സമയം കമ്പനിയുടെ ഏറ്റവും പുതിയ മോഡല്‍ വണ്‍പ്ലസ് 10 കഴിഞ്ഞ ദിവസം ചൈനിസ് വിപണിയില്‍ പുറത്തിറക്കിയിരുന്നു.
രണ്ട് വേരിയന്റുകളിലാണ് OnePlus 9RT ഇന്ത്യയില്‍ ലഭിക്കുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 42,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 46,999 രൂപയുമാണ് വില. ഹാക്കര്‍ ബ്ലാക്ക്, നാനോ സില്‍വര്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ വാങ്ങാം. ജനുവരി 17 മുതല്‍ ആമോസോണ്‍, വണ്‍പ്ലസ് വെബ്‌സൈറ്റ്/ ഷോറൂമുകളില്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. ഫോണിനൊപ്പം വണ്‍പ്ലസ് ബഡ്‌സ് Z2വും കമ്പനി അവതരിപ്പിച്ചു. 4,999 രൂപ വില വരുന്ന ബഡ്‌സിന്റെ വില്‍പ്പന ജനുവരി 18ന് ആണ് ആരംഭിക്കുന്നത്.
OnePlus 9RT സവിശേഷതകള്‍
- 6.62 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി + സാംസംഗ് E4 AMOLED ഡിസ്‌പ്ലെയാണ് വണ്‍പ്ലസ് 9RTക്ക് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത ഓക്‌സിജന്‍ ഒഎസില്‍ ആണ് ഫോണ്‍ എത്തുന്നത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 888 Soc പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ചൂടുകുറച്ചുകൊണ്ട് കൂടുതല്‍ പെര്‍ഫോമന്‍സ് ലഭിക്കാനായി സ്‌പെയ്‌സ് കൂളിംഗ് ടെക്‌നോളജിയും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
- 50 എംപി സോണി IMX766 , 123 ഡിഗ്രി വൈഡ് ആംഗിള്‍, 2 എംപി മാക്രോ ലെന്‍സ് എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് വണ്‍പ്ലസ് 9RTക്ക്. സെല്‍ഫി ക്യാമറയും സോണിയുടെ 16 എംപി IMX471 ആണ്. 4500 എംഎഎച്ചിന്റേതാണ് ബാറ്ററി. 65 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. 198.5 ഗ്രാമാണ് ഫോണിന്റെ ഭാരം.