വണ്‍പ്ലസ് ഫോണുകളുടെ വില്‍പന 'ബഹിഷ്‌കരിക്കാന്‍' കച്ചവടക്കാര്‍; ഉപഭോക്താക്കളും ഇടയുന്നു

സര്‍വീസിലും കമ്പനി പലപ്പോഴും കാലതാമസം വരുത്തുന്നതായും സംഘടനയ്ക്ക് പരാതി

Update:2024-04-11 14:12 IST

Image: Oneplus Twiter

പ്രമുഖ ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വണ്‍ പ്ലസിന്റെ ഇന്ത്യയിലെ ബിസിനസിന് തിരിച്ചടിയായി ഓഫ്‌ലൈന്‍ ഷോപ്പ് ഉടമകളുടെ വില്‍പന നിറുത്തിവയ്ക്കല്‍. മെയ് ഒന്നു മുതല്‍ വണ്‍പ്ലസിന്റെ ഉല്‍പന്നങ്ങളൊന്നും വില്‍ക്കില്ലെന്ന് 4,500ലേറെ വില്‍പനക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് കമ്പനിക്ക് നോട്ടീസയച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍.
തമിഴ്‌നാട്, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ബഹിഷ്‌കരണത്തില്‍ ഉള്‍പ്പെട്ട സ്റ്റോറുകളിലേറെയും സ്ഥിതി ചെയ്യുന്നത്. കുറഞ്ഞ കമ്മീഷനാണ് കച്ചവടക്കാരെ വണ്‍പ്ലസ് ബഹിഷ്‌കരണത്തിന് പ്രേരിപ്പിക്കുന്നത്. മറ്റ് മൊബൈല്‍ ബ്രാന്‍ഡുകള്‍ കൂടുതല്‍ കമ്മീഷന്‍ നല്‍കുമ്പോള്‍ വണ്‍പ്ലസ് നല്‍കുന്നത് താരതമ്യേന കുറവാണെന്നാണ് പരാതി.
വാറണ്ടിയില്‍ മെല്ലെപ്പോക്ക്
വണ്‍പ്ലസ് ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന വാറണ്ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്പനിയുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണങ്ങളില്ലെന്നും കച്ചവടക്കാര്‍ ആരോപിക്കുന്നു. വാറണ്ടി സംബന്ധിച്ച കാര്യങ്ങളുമായെത്തുന്ന ഉപഭോക്താക്കളും കച്ചവടക്കാരുമായി തര്‍ക്കം ഉടലെടുക്കാന്‍ ഇതു കാരണമാകുന്നു. സര്‍വീസിലും കമ്പനി പലപ്പോഴും കാലതാമസം വരുത്തുന്നതായും സംഘടനയ്ക്ക് പരാതിയുണ്ട്.
ദക്ഷിണേന്ത്യയില്‍ വലിയ നെറ്റ്‌വര്‍ക്കുള്ള പൂര്‍വിക മൊബൈല്‍സ്, സംഗീത മൊബൈല്‍സ്, ബിഗ് തുടങ്ങിയ റീട്ടെയ്ല്‍ ചെയ്‌നുകളും വണ്‍പ്ലസ് ബഹിഷ്‌കരിച്ചവരില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ തല്‍ക്കാലം പ്രശ്‌നങ്ങളുണ്ടാകില്ലെങ്കിലും ഭാവിയില്‍ പ്രതിസന്ധി ഉടലെടുത്തേക്കാന്‍ സാധ്യതയുണ്ട്. വണ്‍പ്ലസിന്റെ വില്‍പനയില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ സംഭാവന വലുതാണ്.
അടുത്തിടെ വണ്‍പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി. കഴിഞ്ഞ മാസമാണ് ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതെങ്കിലും ഏപ്രില്‍ 4ന് ആയിരുന്നു ഈ ഫോണിന്റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചത്. ഈ ഫോണ്‍ ഇന്ത്യയില്‍ വില്‍പനയില്‍ വലിയൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. വില്‍പനയുടെ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ട 25,000 രൂപയുടെ ഫോണ്‍ എന്ന നേട്ടമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ 4 5ജി സ്വന്തമാക്കിയത്.
Tags:    

Similar News