സോഷ്യല്‍ മീഡിയയെ അതിരറ്റു പഴിക്കുന്നതായി പഠന റിപ്പോര്‍ട്ട്

Update: 2019-12-21 11:28 GMT

സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ പേരിലുയരുന്ന പഴി അര്‍ത്ഥശൂന്യമെന്നു വിലയിരുത്തുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. വാട്‌സാപ്, ഫെയ്‌സ്ബുക് തുടങ്ങിയവ ഉപേക്ഷിച്ചാല്‍ മാത്രം ജീവിതത്തില്‍ പ്രത്യേകിച്ച് സന്തോഷമുണ്ടാവില്ലെന്നാണ് പഠനത്തില്‍ വ്യക്തമായത്.

അമേരിക്കയിലെ കന്‍സാസ് സര്‍വകലാശാലാ ഗവേഷകരുടെ പഠനമാണ് സോഷ്യല്‍മീഡിയ ഉപയോഗം സംബന്ധിച്ച പല മുന്‍ധാരണകളേയും ചോദ്യം ചെയ്യുന്നത്. ബ്രിട്ടിഷ് പ്രൊഫസറായ ജെഫ്രി ഹാളിന്റെ നേതൃത്വത്തില്‍ അഞ്ച് ഗ്രൂപ്പാക്കി തിരിച്ചായിരുന്നു ആളുകളിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് പഠിച്ചത്. ഒരു മാസം നീണ്ട പഠനത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് പ്രധാനമായും നിരീക്ഷിച്ചത്.

ഒരു ഗ്രൂപ്പിനെ സാധാരണ നിലയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് അനുവദിച്ചും ബാക്കിയുള്ളവരെ നാല് സംഘങ്ങളാക്കി തിരിച്ച് 7, 14, 21, 28 എന്നിങ്ങനെയുള്ള ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിലക്കിയുമായിരുന്നു പരീക്ഷണം. ഈ സംഘങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങള്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഓരോ ദിവസവും ഗവേഷക സംഘം നല്‍കിയ ചെറു ചോദ്യാവലി സര്‍വേയില്‍ പങ്കെടുത്തവര്‍ പൂരിപ്പിച്ചു നല്‍കി. സ്വയം വിലയിരുത്തല്‍, ഏകാന്തത, സന്തോഷം, ജീവിതനിലവാരം തുടങ്ങി നിരവധി വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള ചോദ്യങ്ങളായിരുന്നു ഓരോ ദിവസവും ചോദിച്ചത്.

സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷക സംഘം സോഷ്യല്‍മീഡിയ ഉപയോഗിച്ചവരും ഉപയോഗിക്കാതിരുന്നവരും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്ന തീരുമാനത്തിലെത്തിയത്. ഈ പഠന റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ ഉപയോഗം നിര്‍ത്തിയാല്‍ മാത്രമേ ജീവിതത്തില്‍ സന്തോഷം ഉണ്ടാകൂ എന്ന തെറ്റിധാരണയ്ക്കു വ്യത്യാസമായി.

കൗമാരക്കാരില്‍ 99.75 ശതമാനം പേരുടേയും ജീവിതത്തിലെ സന്തോഷവുമായി സോഷ്യല്‍മീഡിയക്ക് നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് കണ്ടെത്തിയത്. സോഷ്യല്‍മീഡിയയെ പഠനങ്ങള്‍ വെറുതേ വിടുമ്പോഴും സോഷ്യല്‍മീഡിയ നോക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പലപ്പോഴും പ്രതിക്കൂട്ടിലാകുന്നുമുണ്ട്. സോഷ്യല്‍മീഡിയ നോക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകളില്‍ നിന്നും ലാപ്ടോപുകളില്‍ നിന്നും പുറത്തേക്ക് വരുന്ന നീലവെളിച്ചം പലരെയും ബാധിക്കുന്നുവെന്നതു നേര്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News