സ്വകാര്യതയെന്നത് മനുഷ്യാവകാശം: സത്യ നാദെല്ല

Update: 2020-02-26 09:28 GMT

സാങ്കേതികവിദ്യ കൂടുതല്‍ വിമര്‍ശന വിധേയമാകുമ്പോള്‍ അതിന് അനുസൃതമായുള്ള നിയന്ത്രണങ്ങളും ആവശ്യമായി വരുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല. അതേസമയം, അമിത നിയന്ത്രണം സംരംഭകര്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സ്വകാര്യതയെന്നത് മനുഷ്യാവകാശമാണെന്ന് സത്യ നാദെല്ല മാധ്യമ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിര്‍ദ്ദിഷ്ട സ്വകാര്യതാ നിയമങ്ങള്‍ മൈക്രോസോഫ്റ്റ് പാലിക്കും. ഒരു കമ്പനിയുടെ വിജയത്തെ നിര്‍വചിച്ചിരിക്കുന്നത് അതിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്വാധീന ശേഷി കൊണ്ടാണ്, ഉയര്‍ന്ന വിപണി മൂലധനം മൂലമല്ല- അദ്ദേഹം അഭിപ്രായപ്പെട്ടു.

ധാര്‍മ്മികതയുമായി നിര്‍മ്മിത ബുദ്ധിയെ ബന്ധപ്പെടുത്തി പല ചോദ്യങ്ങളുമുയരുന്നു. നിര്‍മ്മിത ബുദ്ധി ആത്യന്തികമായി ഒരു ഉപകരണമാണ്. ഉപകരണം എങ്ങനെ ഉപയോഗിക്കാമെന്നതു സംബന്ധിച്ച് ഓരോ രാജ്യത്തിനും സമൂഹത്തിനും ചില മാനദണ്ഡങ്ങള്‍ ആവശ്യമാണ്. അതേസമയം, എന്തിനേയും അമിതമായി നിയന്ത്രിക്കുന്നതു പ്രശ്‌നങ്ങള്‍ക്കിടയാക്കും.

ഓരോ രാജ്യവും കുടിയേറ്റത്തിനും ദേശീയ സുരക്ഷയ്ക്കും ചുറ്റുമുള്ള സ്വന്തം നയങ്ങള്‍ നിര്‍വചിക്കാന്‍ പോകുന്നുവെന്ന് താന്‍ കരുതുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ജനങ്ങളും സര്‍ക്കാരുമാണ്. വൈവിധ്യമാര്‍ന്ന ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് ഇവിടെ വളര്‍ന്ന ഒരു കുടിയേറ്റക്കാരനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു. ഈ രാജ്യം ഒരു പുരോഗമന ജനാധിപത്യമായി തുടരണമെന്നതാണ് തന്റെ മോഹം. ഇന്ത്യ തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കു സാക്ഷാല്‍ക്കാരം നല്‍കുന്ന നാടാകാന്‍ കൂടുതല്‍ ആളുകള്‍ക്ക് സാധ്യമാകണം. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശരിയാകുമെന്ന് തനിക്ക് ഉറപ്പുണ്ട്-മൈക്രോസോഫ്റ്റ് സിഇഒ ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News