സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം തുടരുമെന്ന് റെയില്‍വേ

Update: 2020-02-18 12:26 GMT

ഗൂഗിള്‍ പിന്മാറിയാലും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം തുടരുമെന്ന് റെയില്‍വേ. 415 റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയത്.

റെയില്‍വേയും റെയില്‍ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നായിരുന്നു അഞ്ച് വര്‍ഷമായി പദ്ധതി നടപ്പിലാക്കിയിരുന്നത്. ടെക്‌നോളജി പിന്തുണയുടെ ഉത്തരവാദിത്തം ഗൂഗിള്‍ വഹിക്കുകയും റേഡിയോ ആക്‌സസ് നെറ്റ്വര്‍ക്ക് നല്‍കുകയും ചെയ്തു. ഗൂഗിള്‍ കൈവിടുന്നതോടെ റെയില്‍ ടെല്‍ വൈഫൈ ഒരുക്കും.

രാജ്യത്തെ മറ്റ് 5190 ബി, സി, ഡി സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ ഇപ്പോള്‍ സൗജന്യമായി വൈഫൈ സേവനം നല്‍കുന്നത് മറ്റ് കമ്പനികളുമായി സഹകരിച്ചാണ്. യാത്രക്കാര്‍ക്ക് വൈഫൈ ഇല്ലാത്ത് മൂലം ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുണ്ടാവില്ലെന്ന് റെയില്‍ ടെല്‍ വ്യക്തമാക്കി.

2015ല്‍ ആരംഭിച്ച സേവനം നിര്‍ത്തുകയാണെന്ന് ഗൂഗില്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വ്യാപനത്തിനുള്ള കരാര്‍ ഗൂഗിള്‍ ഏറ്റെടുത്തിരുന്നു. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, നൈജീരിയ, തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, മെക്‌സിക്കോ, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലും 'സ്റ്റേഷന്‍ പ്രോജക്റ്റ് ' ലഭ്യമാണ്. ഈ രാജ്യങ്ങളിലെല്ലാം പദ്ധതി പിന്‍വലിക്കുകയാണ് കമ്പനി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News