ഡിജിറ്റല്‍ തട്ടിപ്പുകൾ പെരുകുന്നു: സൈബർ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍.ബി.ഐ

പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്‌സിന് (PSOs) കർശന നിര്‍ദേശങ്ങള്‍

Update:2023-06-04 09:45 IST

Image : Canva

ഡിജിറ്റല്‍ തട്ടിപ്പുകൾ കൂടുന്ന സാഹചര്യത്തിൽ പേയ്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്‌സിന് (PSOs) കര്‍ശന നിര്‍ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. സൈബര്‍ അറ്റാക്ക്, തട്ടിപ്പ്, ഇടപാടുകളിലെ കാലതാമസം, അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്‌നങ്ങള്‍ എന്നിവ കണ്ടുപിടിച്ചാല്‍ ആറു മണിക്കൂറിനുള്ളില്‍ ആര്‍.ബി.ഐയെ അറിയിക്കണമെന്നാണ്  പുതിയ നിര്‍ദേശം. കൂടാതെ പി.എസ്.ഒകള്‍ വഴി ഇടപാടുകള്‍ നടത്തുന്ന ഉപയോക്താക്കള്‍ക്ക് ഒരു ഡിജിറ്റല്‍ ഐഡന്റിറ്റി ലഭ്യമാക്കണം. ഇടപാടുകള്‍ അവസാനിപ്പിക്കും വരെ അത് നിലനിര്‍ത്തുകയും വേണം.

സൈബര്‍ അറ്റാക്ക് പോലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല പി.എസ്.ഒ ബോര്‍ഡിനാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. പി.എസ്.ഒകള്‍ നേരിടേണ്ടി വരുന്ന റിസ്‌കുകള്‍ കണക്കിലെടുത്ത് ബോര്‍ഡിന്റെ അംഗീകാരത്തോടെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പോളിസി തയ്യാറാക്കണം. വിവിധ വിഭാഗത്തിലുള്ള പി.എസ്. ഒകള്‍ക്ക് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിശ്ചിത സമയപരിധിയും ആര്‍.ബി.ഐ നിശ്ചയിച്ചിട്ടുണ്ട്.
പേയ്‌മെന്റ് സംവിധാനങ്ങളില്‍ സൈബര്‍ തട്ടിപ്പുകളും ആക്രമണങ്ങളും കൂടി വരുന്നത് കണക്കിലെടുത്താണ് ആർ .ബി.ഐയുടെ നിര്‍ദേശം. സാമ്പത്തിക ഉള്‍പ്പെടുത്തലും സാമ്പത്തിക സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ പേയ്‌മെന്റ് സിസ്റ്റംസ് നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
പി.എസ്. ഒയിൽ ഉള്‍പ്പെടുന്നത്
ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കാര്‍ഡ്‌സ് പേമെന്റ് നെറ്റ് വര്‍ക്ക്‌സ്, ക്രോസ് ബോര്‍ഡര്‍ മണി ട്രാന്‍സ്ഫര്‍, എ.ടി.എം നെറ്റ്‌വര്‍ക്കുകള്‍, പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്‌ട്രുമെന്റ്സ്, വൈറ്റ്  ലേബല്‍ എ.ടി.എമ്മുകള്‍, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍, ഭാരത് ബില്‍ പേമെന്റ് സിസ്റ്റം എന്നിവയെല്ലാം പി.എസ്.ഒയ്ക്കു കീഴിലാണ് വരുന്നത്.
Tags:    

Similar News