നാല് മിനിറ്റില്‍ മൊബൈല്‍ ഫുള്‍ ചാര്‍ജാകും, 320 വാട്ട് സൂപ്പര്‍ സോണിക് ചാര്‍ജറുമായി ചൈനീസ് കമ്പനി

ഓരോ മിനിറ്റിലും 26 ശതമാനം വീതം ചാര്‍ജ് കയറുമെന്നാണ് കമ്പനിയുടെ അവകാശവാദം

Update:2024-08-17 11:47 IST

image credit : realme 

320 വാട്ടിന്റെ സൂപ്പര്‍ സോണിക്ക് മൊബൈല്‍ ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതിക വിദ്യ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ റിയല്‍മി. ഇതിലൂടെ നാല് മിനിറ്റുകൊണ്ട് 0-100 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചൈനയിലെ കമ്പനി ആസ്ഥാനത്ത് നടന്ന 828 ഫാന്‍ ഫെസ്റ്റിലാണ് ചാര്‍ജര്‍ കമ്പനി അനാവരണം ചെയ്തത്.ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജറാണെന്നും കമ്പനി അവകാശപ്പെടുന്നു.
സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ സാങ്കേതിക വിദ്യയില്‍ നേരത്തെയും നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള കമ്പനിയാണ് റിയല്‍മി. കഴിഞ്ഞ വര്‍ഷം ജി.ടി 3 മോഡലിനൊപ്പം 240 വാട്ട് ചാര്‍ജര്‍ പുറത്തിറക്കി ടെക് ലോകത്തെ റിയല്‍മി ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് മിനിറ്റില്‍ ചാര്‍ജിംഗ് പൂര്‍ത്തിയാവുന്ന ചാര്‍ജറും കമ്പനി പുറത്തിറക്കിയത്. ആദ്യ മിനിറ്റില്‍ പൂജ്യത്തില്‍ നിന്നും 26 ശതമാനത്തിലെത്തും. തൊട്ടടുത്ത മിനിറ്റില്‍ 50 ശതമാനമെത്തും. നാല് മിനിറ്റില്‍ ഫോണിന്റെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു.
സംഗതി സേഫാണോ?
ഇത്രയും വാട്ട് കൂടിയ ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ഉപയോക്താക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന സുരക്ഷാ സംബന്ധമായ ആശങ്കകള്‍ക്കും റിയല്‍മി ഉത്തരം നല്‍കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി എയര്‍ഗ്യാപ് വോള്‍ട്ടേജ് ട്രാന്‍സ്‌ഫോര്‍മര്‍ എന്ന സാങ്കേതിക വിദ്യയാണ് റിയല്‍മി ഇതില്‍ ഉപയോഗിക്കുന്നത്. സര്‍ക്യൂട്ട് ബ്രേക്ക് ഡൗണ്‍ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ സംഭവിക്കുമ്പോള്‍ ചാര്‍ജറില്‍ നിന്നുള്ള ഉയര്‍ന്ന വോള്‍ട്ടേജ് ഫോണിലേക്ക് എത്താതെ തടയാന്‍ പ്രത്യേക സംവിധാനം ഇതിലുണ്ട്. അതുകൊണ്ട് തന്നെ ചാര്‍ജര്‍ സേഫാണെന്നും കമ്പനി പറയുന്നു.
അതേസമയം, സൂപ്പര്‍ സോണിക് ചാര്‍ജര്‍ ഏത് ഫോണിലാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 240 വാട്ട് ചാര്‍ജറിന്റെ വലിപ്പത്തിലുള്ള അഡാപ്റ്റര്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് സി ടൈപ്പ് പോര്‍ട്ടുകളുണ്ട്. 150 വാട്ട് വേഗതയില്‍ റിയല്‍മി ഫോണുകളും 65 വാട്ടില്‍ ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാമെന്നും കമ്പനി പറയുന്നു. നേരത്തെ, ഷവോമി അഞ്ച് മിനിറ്റില്‍ ചാര്‍ജ് ചെയ്യാവുന്ന 300 വാട്ട് ചാര്‍ജര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ചാര്‍ജര്‍ ഒരു ഫോണിലും ഷവോമി ഉപയോഗിച്ചില്ല. ഇതേ ഗതി തന്നെയാകുമോ സൂപ്പര്‍ സോണിക്ക് ചാര്‍ജറിനുമെന്നാണ് ടെക് ലോകം ചോദിക്കുന്നത്.
Tags:    

Similar News