ചാറ്റ് മാത്രമല്ല, പലചരക്കും തുണിയും വാങ്ങാം; പേയ്‌മെന്റും നടത്താം: വരുന്നു റിലയന്‍സും ഫേസ്ബുക്കും കൈകോര്‍ത്ത് സൂപ്പര്‍ ആപ്പ്!

Update:2020-04-16 15:03 IST

മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫേസ്ബുക്കും ചേര്‍ന്ന് രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുന്നത് സൂപ്പര്‍ ആപ്പ്.

വാട്‌സാപ്പ് പോലെ ആശയവിനിമയം മാത്രമാകില്ല ഇതിലൂടെ നടത്താന്‍ സാധിക്കുക. ഡിജിറ്റല്‍ പേയ്‌മെന്റ്, ഗെയ്മിംഗ്, ഫ്‌ളൈറ്റ് - ഹോട്ടല്‍ ബുക്കിംഗ്, ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോം എല്ലാം ഒതുങ്ങുന്ന ഒന്നാകുമിതെന്നാണ് സൂചന. റിലയന്‍സും ഫേസ്ബുക്കും സംയുക്തമായാകും ഇതിന്റെ ടെക്‌നിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുക. നിക്ഷേപവും ഇരുകൂട്ടരും നടത്തും.

ചൈനയുടെ മൊബീല്‍ ആപ്പായ വിചാറ്റ് മാതൃകയിലുള്ളതാകും ഇത്. റിലയന്‍സ് റീറ്റെയ്ല്‍ സ്റ്റോറുകളില്‍ നിന്നുള്ള ഷോപ്പിംഗും റിലയന്‍സിന്റെ മറ്റ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള മാര്‍ഗവുമൊക്കെയായി ഈ ആപ്പ് മാറിയെന്നിരിക്കും.

ഈ പദ്ധതിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. മോര്‍ഗന്‍ സ്റ്റാന്‍ലിയെ പദ്ധതിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി നിയമിച്ചു കഴിഞ്ഞു.

അതീവ രഹസ്യ സ്വഭാവത്തോടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. റിലയന്‍സിനും ഫേസ്ബുക്കിനും ഒരുപോലെ ഒട്ടനവധി മെച്ചങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഓരോ വിഭാഗത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ടീമുകളാണ് നിയന്ത്രിക്കുന്നത്. ടെക്‌നോളജി വിഭാഗം കൈകാര്യം ചെയ്യുന്ന ടീമിന് പദ്ധതിയുടെ സാമ്പത്തിക വിഭാഗത്തെ കുറിച്ച് അറിവുണ്ടാകണമെന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതുപോലെ തന്നെ സൂപ്പര്‍ ആപ്പ് മറ്റൊരു പുതിയ കമ്പനി രൂപീകരിച്ച് അതിന്റെ കീഴിലാകുമോ അവതരിപ്പിക്കപ്പെടുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ഫേസ്ബുക്ക് റിലയന്‍സ് റീറ്റെയ്‌ലും റിലയന്‍സ് ജിയോയും നിക്ഷേപം നടത്തി പുതിയൊരു കമ്പനി കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.  

റിലയന്‍സ് ജിയോയില്‍ ഫേസ്ബുക്ക് 10 ശതമാനം ഓഹരി പങ്കാളിത്തമെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. കോവിഡ് ബാധ മൂലം ഇത്തരം ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സിക്കുള്ള നിയന്ത്രണം സുപ്രീം കോടതി നീക്കം ചെയ്തിട്ടുണ്ട്. ഫേസ്ബുക്കും റിലയന്‍സും തമ്മിലുള്ള പങ്കാളിത്തം ഇനി ഏതൊക്കെ രംഗത്തേക്ക് കൂടി വ്യാപിപ്പിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News