സൂമിനോടു മത്സരിക്കാന്‍ റിലയന്‍സ് ജിയോയും; വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോം 'ജിയോ മീറ്റ്' ഉടന്‍

Update: 2020-05-02 05:57 GMT

സൂം വീഡിയോ പ്ലാറ്റ്‌ഫോമുമായി മത്സരിക്കാന്‍ ഫെയ്‌സ്ബുക്കും ഗൂഗ്‌ളും തന്ത്രപരമായ നീക്കങ്ങളുമായി രംഗത്തെത്തുമ്പോള്‍ റിലയന്‍സ് ജിയോയും ഒപ്പം കൂടുകയാണ്. തങ്ങളുടെ സ്വന്തം വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ് ജിയോ ഇപ്പോള്‍. വാണിജ്യാടിസ്ഥാനത്തില്‍ ജിയോമീറ്റ് ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം ഉപയോഗത്തിലുള്ള ഈ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോം എല്ലാ ഉപയോക്താക്കള്‍ക്കും ഉപയോഗപ്പെടുന്ന രീതിയിലാകും പുറത്തിറക്കുക.

ലോക്ഡൗണ്‍ മൂലം ലക്ഷക്കണക്കിനു വരുന്ന തങ്ങളുടെ ഉപയോക്താക്കള്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടുള്ള നീക്കമാണ് റിലയന്‍സ് നടത്തിയിട്ടുള്ളതെങ്കിലും ജിയോമീറ്റ് എപ്പോള്‍ സമാരംഭിക്കുമെന്ന് കൃത്യമായൊരു തീയതി റിലയന്‍സ് ജിയോ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കോ ഉള്ളില്‍ തന്നെ അത് പ്രതീക്ഷിക്കാം. നിലവിലുള്ള മറ്റ് ജനപ്രിയ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളായ സൂം, ഗൂഗിള്‍ ഡ്യുവോ, സ്‌കൈപ്പ് എന്നിവയെ നേരിടാനാണ് ജിയോ ലക്ഷ്യമിടുന്നത്.

ജിയോ മീറ്റ് വീഡിയോ കോളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും, ഓരോ വീഡിയോ കോളിലും പങ്കെടുക്കുന്നവരുടെ എണ്ണം എത്രയായിരിക്കും പോലുള്ള വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം.

കഴിഞ്ഞയാഴ്ചയാണ് ഫെയ്സ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം ജിയോയില്‍ നടത്തിയത്. ഇതുവഴി കമ്പനിയുടെ 9.99 ശതമാനം ഓഹരി ഫെയ്സ്ബുക്ക് സ്വന്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ജിയോ മാര്‍ട്ടിന് കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

38 കോടിയിലേറെ ഉപയോക്താക്കള്‍ നിലവില്‍ ജിയോയ്ക്കുണ്ട്. രാജ്യത്താകമാനം അതിവേഗ ഇന്റര്‍നെറ്റും ഡാറ്റ കണക്ടിവിറ്റിയും ജിയോ ലഭ്യമാക്കുന്നുണ്ട്. 2019-20 വര്‍ഷത്തിലെ നാലാംപാദത്തില്‍ മാത്രം 2.4 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്കെത്തിക്കാനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ കൂടുതല്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നുമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News