ജിയോ ഫോണ്‍ നെക്‌സ്റ്റ് ഉപഭോക്താക്കളിലെത്താന്‍ റിലയന്‍സിന് ഇനിയും കോടികള്‍ വേണം !

ഏകദേശം 4,000 രൂപയ്ക്ക് വില നിശ്ചയിക്കാനാണ് പദ്ധതിയെങ്കില്‍ ഏകദേശം 7,750 കോടി ഇനിയും റിലയന്‍സ് ചെലവിടണം.

Update:2021-09-21 19:04 IST

സാധാരണക്കാരനും 4 ജി സ്മാര്‍ട്ട് ഫോണ്‍ എന്ന വാഗ്ദാനവുമായി എത്താനൊരുങ്ങുന്ന ജിയോ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ വൈകുകയാണ്. ചിപ്പ് ഷോര്‍ട്ടേജ് അടക്കമുള്ള സാങ്കേതിക കാരണങ്ങളാണ് കമ്പനി വിശദീകരണമായി നല്‍കിയിട്ടുള്ളത്. ഇപ്പോളിതാ ഫോണ്‍ പ്രതീക്ഷിക്കുന്ന വിലയില്‍ എങ്കിലും പുറത്തിറക്കണമെങ്കില്‍ 25 ശതമാനം അധിക തുക സബ്‌സിഡികള്‍ക്കായി ചെലവിടേണ്ടി വരുമെന്നാണ് അറിയുന്നത്.

ബജറ്റ് 4 ജി സ്മാര്‍ട്ട്ഫോണായ ജിയോഫോണ്‍ നെക്സ്റ്റ്, ഏകദേശം 3499- 4,000 രൂപയ്ക്ക് വില നിശ്ചയിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ തന്നെ ഏകദേശം 7,750 കോടി അധികമായി സബ്സിഡികള്‍ക്കായി ചെലവഴിക്കേണ്ടിവരുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. സെമി കണ്ടക്‌റ്റേഴ്‌സ് അടക്കമുള്ള അനുബന്ധ ഘടകങ്ങളുടെയും ഉയര്‍ന്ന വില മൂലമാണിത്.
എല്ലാവര്‍ക്കും താങ്ങാവുന്ന സ്മാര്‍ട്ട് ഫോണ്‍, എല്ലാവര്‍ക്കും താങ്ങാവുന്ന ഡാറ്റാ പായ്ക്കുകള്‍ എന്നിവയാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് നേരത്തെ തന്നെ റിലയന്‍സ് ജിയോ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് കമ്പനിയുടെ പുതിയ കാല ലോഞ്ചുകളും ഇവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
320 ദശലക്ഷം ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളാണ് ഇപ്പോഴും ഇന്ത്യയില്‍ ഉള്ളത്. ജിയോ ഫോണ്‍ ലക്ഷ്യമിടുന്നതും ഇത് തന്നെ. എന്നാല്‍ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടാനുള്ള തീവ്രശ്രമങ്ങളിലാണ് റിലയന്‍സ് എന്നാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.
കംപോണന്റ് വില ഉയര്‍ന്നാല്‍ പ്രാരംഭത്തില്‍ പ്രഖ്യാപിച്ചത് പോലെ 75 ഡോളറോ സമീപ തുകയയോ ആയിരിക്കുമോ ഫോണിന് എന്നതും പറയാനാകില്ല. എന്നാല്‍ വില കൂട്ടാന്‍ സാധ്യതയില്ലെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.


Tags:    

Similar News