പ്രീബുക്കിംഗില്‍ റെക്കോര്‍ഡിട്ട് 1.65 ലക്ഷം രൂപയുടെ സാംസംഗ് ഫോള്‍ഡ്

Update: 2019-10-05 06:02 GMT

1.65 ലക്ഷം രൂപയുടെ സാംസംഗ് ഗ്യാലക്‌സി ഫോള്‍ഡ് ഫോണിന് ഇന്ത്യയിലെ പ്രീബുക്കിംഗില്‍ മികച്ച പ്രതികരണം. മടക്കാവുന്ന ഈ ഫോണ്‍ കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ അരമണിക്കൂറു കൊണ്ട് 1600 ബുക്കിംഗാണ് നേടിയത്. ആഡംബരസ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഈ നുതന സ്മാര്‍ട്ട്‌ഫോണ്‍.

ഗ്യാലക്‌സി ഫോള്‍ഡിന്റെ മുഴുവന്‍ തുകയായ 1,64,999 രൂപ നല്‍കിയാണ് ഉപഭോക്താക്കള്‍ പ്രീബുക്കിംഗ് നടത്തിയിരിക്കുന്നത്. പ്രാരംഭ സ്റ്റോക്ക് പരിമിതമായതിനാല്‍ അതിനുശേഷം ബുക്കിംഗ് നിര്‍ത്തിവെച്ചു.

സാംസംഗിന്റെ ഈ അല്‍ഭുതഫോണിന് പ്ലാസ്റ്റിക് ഒഎല്‍ഇഡി സ്‌ക്രീനാണുള്ളത്. അതുകൊണ്ട് ഒരു പുസ്തകം പോലെ മടക്കാനാകും. 4.6 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ വഴി സാധാരണ ഉപയോഗങ്ങള്‍ നടത്താനാകും. എന്നാല്‍ നിവര്‍ത്തിക്കഴിഞ്ഞാല്‍ ഇതിന്റെ സ്‌ക്രീന്‍ വലുപ്പം 7.3 ഇഞ്ച് ആയിമാറും.

12 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഗ്യാലക്‌സി ഫോള്‍ഡ് വരുന്നത്. ആറ് കാമറകളാണുള്ളത്. മൂന്ന് സെല്‍ഫി കാമറകളും മൂന്ന് പിന്‍കാമറകളും. മടക്കിവെക്കുമ്പോഴുള്ള 10 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും തുറക്കുമ്പോഴുള്ള ഡ്യുവല്‍ സെല്‍ഫി കാമറയും 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് കാമറയും 12 മെഗാപിക്‌സല്‍ വെഡ് ആംഗിള്‍ കാമറയും 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ കാമറയും ഉള്‍പ്പെടുന്ന ഉഗ്രന്‍ പാക്കേജ്. ഡ്യുവല്‍ ബാറ്ററി സിസ്റ്റം ആണ് മറ്റൊരു പ്രത്യേകത. 

Similar News