ചൈനീസ് വിരോധം നേട്ടമാക്കാന്‍ സാംസംഗ്

Update: 2020-08-03 12:49 GMT

അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ചൈനാ വിരുദ്ധ വികാരം അണപൊട്ടിയപ്പോള്‍ മുതലെടുക്കാനൊരുങ്ങി സാംസംഗ്. ഇതിനകം തന്നെ സ്മാര്‍ട്ട് ഫോണുകളുടെ വിപണി പങ്കാളിത്തത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയ സാംസംഗ് കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കിയും ഓണ്‍ലൈന്‍ സാന്നിധ്യം വര്‍ധിപ്പിച്ചും ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ്. സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പ്രമുഖ ചൈനീസ് ഇതര ബ്രാന്‍ഡ് എന്ന ആകര്‍ഷണീയതയാണ് സാംസംഗിന്റെ കരുത്ത്.

കണക്കനുസരിച്ച് നിലവില്‍ 26 ശതമാനം വിപണി പങ്കാളിത്തമുള്ള സാംസംഗാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ കമ്പനി. 29 ശതമാനം പങ്കാളിത്തവുമായി ഷവോമിയാണ് മുന്നില്‍. മൂന്നു മാസം മുമ്പ് വരെ 16 ശതാനം വിപണി പങ്കാളിത്തവുമായി മൂന്നാം സ്ഥാനത്തായിരുന്ന സാംസംഗിന്റെ മുന്നേറ്റം വളരെ പെട്ടെന്നായിരുന്നു. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണും സാംസംഗിന്റെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. വിപുലമായ വിതരണ ശൃംഖലയുള്ളതിനാല്‍ സാംസംഗ് ഫോണുകള്‍ക്ക് ഉള്‍നാടുകളില്‍ പോലും കാര്യമായ ക്ഷാമം നേരിട്ടില്ല. എന്നാല്‍ പ്രമുഖ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ക്ഷാമമാണ് നേരിട്ടത്.

യുഎസിന് പുറത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് സാംസംഗിന് ഇന്ത്യ. 705 കോടി ഡോളറിന്റെ വാര്‍ഷിക വിറ്റുവരവാണ് കമ്പനി രാജ്യത്തു നിന്ന് നേടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൊബീല്‍ ഫോണ്‍ നിര്‍മാണ പ്ലാന്റും കമ്പനി ഡല്‍ഹിയില്‍ തുറന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്ത് ഉല്‍പ്പന്നം യഥേഷ്ടം ലഭ്യമാക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.

പുതിയ മോഡലുകള്‍

ജൂണ്‍ മുതല്‍ പുതിയ ഏഴ് മോഡലുകളാണ് സാംസംഗ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മൂന്നെണ്ണം 10000 രൂപയില്‍ താഴെ വില വരുന്നവയുമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗ്രാമീണര്‍ പോലും ഓണ്‍ലൈനിലേക്ക് മാറിയ സാഹചര്യത്തില്‍ വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വലിയ ഡിമാന്‍ഡുണ്ട്.

മേയ് മാസത്തില്‍ ഫേസ്ബുക്കുമായി സഹകരിച്ച് രണ്ടു ലക്ഷത്തോളം ഷോപ്പുടമകള്‍ക്ക് സാംസംഗ് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങെ മാര്‍ക്കറ്റിംഗ് നടത്താം എന്നതു സംബന്ധിച്ച് പരിശീലനം നല്‍കിയിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മറ്റു പദ്ധതികളും ഇതോടൊപ്പം അവതരിപ്പിച്ചിരുന്നു.

കടുത്ത മത്സരം

സാഹചര്യം അനുകൂലമാണെങ്കിലും സാംസംഗ് കടുത്ത മത്സരമാണ് നേരിടാനിരിക്കുന്നത്. മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ലേബലില്‍ വിപണിയിലെത്തുന്ന ഷവോമി ചൈനീസ് വിരുദ്ധ വികാരത്തെ മറികടക്കാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം റിലയന്‍സ് ഇന്ത്യ ലിമിറ്റഡിും ഗൂഗ്‌ളും വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിപണിയിലെത്തിക്കുമെന്ന വാര്‍ത്തകളും സാംസംഗിന് വെല്ലുവിളി തന്നെ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News