സാംസംഗ് ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ ലാപ്ടോപ്പുകളും നിര്‍മ്മിക്കും
രാജ്യത്ത് ഗാലക്സി എസ് 24 നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും
പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗ് ഈ വര്‍ഷം ഇന്ത്യയിലെ നോയിഡ പ്ലാന്റില്‍ ലാപ്ടോപ്പുകള്‍ നിര്‍മ്മിക്കും. രാജ്യത്ത് ലാപ്ടോപ്പ് നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണെന്ന് സാംസംഗ് ഇലക്ട്രോണിക്സ് പ്രസിഡന്റും മൊബൈല്‍ എക്സ്പീരിയന്‍സ് (എം.എക്സ്) ബിസിനസ് മേധാവിയുമായ ടി.എം റോഹ് പറഞ്ഞു.
കമ്പനിയുടെ ഒരു പ്രധാന ഉല്‍പാദക രാജ്യമാണ് ഇന്ത്യയെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് വിവിധ തലങ്ങളില്‍ കമ്പനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന് കമ്പനി സര്‍ക്കാരുമായി തുടര്‍ന്നും സഹകരിക്കുമെന്നും ടി.എം റോഹ് കൂട്ടിച്ചേര്‍ത്തു.
നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ശേഷിയില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി അടുത്തിടെ ഗാലക്സി എസ് 24 സീരീസ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരുന്നു. നോയിഡ ഫാക്ടറിയില്‍ ഗാലക്സി എസ് 24 നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുമെന്ന് സാംസംഗ് പ്രഖ്യാപിച്ചു. നിലവില്‍ നോയിഡ പ്ലാന്റില്‍ കമ്പനി ഫീച്ചര്‍ ഫോണുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, വെയറബിള്‍സ്, ടാബ്ലെറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്.