ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിക്കൂട്ടി അമേരിക്കയും യു.എ.ഇയും; കയറ്റുമതിയില്‍ കുതിപ്പ്
പെട്രോളിനെയും കടത്തിവെട്ടി യു.എ.ഇയിലേക്കുള്ള ഫോണ്‍ കയറ്റുമതി
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഹബ്ബാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ആവേശം പകര്‍ന്ന് പുതിയൊരു പൊന്‍തൂവല്‍. നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 99 ശതമാനം വര്‍ദ്ധിച്ച് 415 കോടി ഡോളറിലെത്തിയെന്ന് (34,500 കോടി രൂപ) കണക്കുകള്‍ വ്യക്തമാക്കി.
അമേരിക്കയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ വിപണി. അതേസമയം, യു.എ.ഇയിലേക്കുള്ള കയറ്റുമതി പെട്രോളിയം ഉത്പന്നങ്ങളെ കടത്തിവെട്ടിയെന്ന പ്രത്യേകതയുമുണ്ട്.
പെട്രോളും വിമാന ഇന്ധനവും പിന്നിലായി
യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ആ രാജ്യത്തേക്കുള്ള പെട്രോള്‍, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിയെ കടത്തിവെട്ടി. ഏപ്രില്‍-ജൂലൈയില്‍ 25.7 ശതമാനം വർധനയോടെ 83.63 കോടി ഡോളറിന്റെ (6,950 കോടി രൂപ) സ്മാര്‍ട്ട്‌ഫോണുകളാണ് യു.എ.ഇയിലേക്ക് കയറ്റി അയച്ചത്.
ഇതേ കാലയളവിലെ വ്യോമ ഇന്ധന (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍/ATF) കയറ്റുമതി 72.33 കോടി ഡോളറും (6,000 കോടി രൂപ) പെട്രോള്‍ കയറ്റുമതി 55.16 കോടി ഡോളറും (4,600 കോടി രൂപ) മാത്രമാണ്.
490 ശതമാനം കുതിപ്പ്
അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏപ്രില്‍-ജൂലൈയില്‍ രേഖപ്പെടുത്തിയത് മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 489.4 ശതമാനം വളര്‍ച്ചയാണ്.
167 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകളാണ് നടപ്പുവര്‍ഷം ഏപ്രില്‍-ജൂലൈയില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയത്. ഏകദേശം 13,900 കോടി രൂപ വരുമിത്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇന്ത്യയിലെ നിര്‍മ്മാണം വര്‍ദ്ധിപ്പിച്ചത് കയറ്റുമതി ഉയര്‍ച്ചയ്ക്ക് നേട്ടമായിട്ടുണ്ട്. ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രോത്സാഹന പദ്ധതിയായ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ/PLI) സ്‌കീമും കരുത്തായിട്ടുണ്ട്.
നെതര്‍ലന്‍ഡ്‌സും യു.കെയും
അമേരിക്കയും യു.എ.ഇയും കഴിഞ്ഞാല്‍ നെതര്‍ലന്‍ഡ്‌സ്, യു.കെ., ഇറ്റലി എന്നിവയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വലിയ വിപണികള്‍. 2022-23ല്‍ ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയിലൂടെ നേടിയ വരുമാനം 1,090 കോടി ഡോളറാണ് (90,000 കോടി രൂപ). യു.എ.ഇ (256 കോടി ഡോളര്‍), അമേരിക്ക (215 കോടി ഡോളര്‍) എന്നിവയായിരുന്നു യഥാക്രമം ഏറ്റവും വലിയ വിപണികള്‍.