കൊറോണ: ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ വില ഉയരുമെന്ന് സൂചന

Update: 2020-02-17 07:36 GMT

കൊറോണ വൈറസ് ബാധ തീവ്രമായതോടെ ചൈനയില്‍ നിരവധി ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചതുമൂലം ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെയും ഫീച്ചര്‍ ഫോണുകളുടെയും വില ഉയരുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, പ്രീമിയം സ്മാര്‍ട്ട്ഫോണുകളെ വില വര്‍ദ്ധന ബാധിക്കാനിടയില്ലെന്നാണു സൂചന.

അടുത്ത 15-20 ദിവസത്തിനുള്ളില്‍ ഫീച്ചര്‍ ഫോണുകളുടെ വിലയില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നും സാധാരണ സ്മാര്‍ട്ട്ഫോണ്‍ വില 6-7 ശതമാനം ഉയരുമെന്നും മെഗസ് മൊബൈല്‍ ചീഫ് സെയില്‍സ് ഓഫീസര്‍ നിഖില്‍ ചോപ്ര പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനക്കാരായ ഷവോമി അവരുടെ ജനപ്രിയ റെഡ്മി നോട്ട് 8 സ്മാര്‍ട്ട്ഫോണിന്റെ വില കഴിഞ്ഞ ആഴ്ച ഉയര്‍ത്തി.

ഫാക്ടറികള്‍ അനിശ്ചിതമായി പൂട്ടിക്കിടക്കുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി നാമമാത്രമായി. സ്‌റ്റോക്ക് കുറഞ്ഞുവരുന്നു.ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവാണ് ഇന്ത്യ. എന്നാല്‍ ചൈനയെ തന്നെയാണ് ഇന്ത്യ സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ കാര്യമായി ആശ്രയിക്കുന്നത്. ഡിസ്പ്ലേ പാനലുകളും ക്യാമറ മൊഡ്യൂളുകളും സര്‍ക്യൂട്ട് ബോര്‍ഡുകളും അടക്കം ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ വിപണികളിലെ വിഹിതത്തിലേറെയും ചൈനീസ് ഫോണുകളാണ്.

നിലവില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ക്ക് രാജ്യത്ത് ഡിമാന്‍ഡ് കുറവായതിനാല്‍ ആ മേഖലയ്ക്ക് അത്ര വലിയ ആഘാതം കൊറോണ കാരണം ഏല്‍ക്കേണ്ടിവരില്ലെന്ന് കാനലിസിലെ ഗവേഷകനായ അദ്വൈത് മാര്‍ഡികര്‍ പറയുന്നു.അതേസമയം, ചൈനയില്‍ നിന്ന് പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഐഫോണ്‍ പോലുള്ള മോഡലുകള്‍ക്ക് പ്രശ്‌നമാകാമെന്നും അദ്ദേഹം വിലയിരുത്തി.അടച്ചൂപട്ടല്‍ മൂലമുണ്ടാവുന്ന പ്രതിസന്ധി വരുന്ന ആറ് മാസത്തേക്ക് നീണ്ടുനില്‍ക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News