മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് ഗോ 3 എത്തി

പ്രീലോഡഡ് വിന്‍ഡോസ് 11ല്‍ എത്തുന്ന മൈക്രോസോഫ്റ്റിൻ്റെ ആദ്യ ഡിവൈസ് ആണ് സര്‍ഫെയ്‌സ് ഗോ 3.

Update:2021-11-17 17:04 IST

മൈക്രോസോഫ്റ്റിൻ്റെ പ്രീമിയം ടാബ്‌ലെറ്റ് സര്‍ഫെയ്‌സ് ഗോ 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീലോഡഡ് വിന്‍ഡോസ് 11ല്‍ എത്തുന്ന മൈക്രോസോഫ്റ്റിൻ്റെ ആദ്യ ഡിവൈസ് ആണ് സര്‍ഫെയ്‌സ് ഗോ 3. മുന്‍ സര്‍ഫെയ്‌സ് മോഡലുകളുടെ സമാന ഡിസൈനിലെത്തുന്ന ഗോ 3യ്ക്ക് പെര്‍ഫോമന്‍സില്‍ 60 ശതമാനം കുടുതല്‍ വേഗതയുണ്ടെന്നാണ് മൈക്രോസോഫ്റ്റിൻ്റെ അവകാശവാദം.

പുതിയ വിന്‍ഡോസ് 11ല്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യും എന്നതുകൊണ്ട് തന്നെ ക്രോംബുക്കുകള്‍ക്കും ആന്‍ഡ്രോയിഡ് ടാബ് ലെറ്റുകള്‍ക്കും പകരം നില്‍ക്കുന്ന ഡിവൈസാകും സര്‍ഫെയ്‌സ് ഗോ 3. മത്സരത്തിൻ്റെ ഭാഗമായി ക്രോംബുക്കുകളില്‍ നിന്ന് മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പുകള്‍ക്കുള്ള പിന്തുണ കമ്പനി നേരത്തെ പിന്‍വലിച്ചിരുന്നു.
Surface Go 3 വിലയും സവിശേഷതകളും
42,999 രൂപ മുതലാണ് സര്‍ഫെയ്‌സ് ഗോ 3 യുടെ വില ആരംഭിക്കുന്നത്. 10th-generation Intel Pentium Gold പ്രസസറില്‍ രണ്ടു വേരിയന്റുകളാണ് എത്തുന്നത്. 8 ജിബി റാം, 128 ജിബി SSD മോഡലിന് 57,999 രൂപയാണ് വില. ബിസിനസ് ഉപഭോക്താക്കള്‍ക്കായുള്ള 4 ജിബി റാമും 64 ജിബി eMMC വേരിയൻ്റിന് 42,999 രൂപയ്ക്ക് ലഭിക്കും.
10th-generation Intel Core i3 processorല്‍ എത്തുന്ന ഏറ്റവും ഉയര്‍ന്ന മോഡലിന് 62,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി എസ്എസ്ഡിയുടമാണ് ഈ മോഡലിനും നല്‍കിയിരിക്കുന്നത്. ആമസോണിലൂടെ വാങ്ങുമ്പോള്‍ തെരഞ്ഞെടുത്ത വേരിയന്റുകള്‍ക്കൊപ്പം 96,999 രൂപയുടെ സര്‍ഫെയ്‌സ് പേന സൗജന്യമായി ലഭിക്കും.
10.50 ഇഞ്ചിൻ്റെ ഡിസ്‌പ്ലെയാണ് വിന്‍ഡോസ് ടാബിന് നല്‍കിയിരിക്കുന്നത്. റസല്യൂഷന്‍ 1920x 1280 പിക്‌സലാണ്. 8 എംപിയുടേതാണ് പിന്‍ക്യാമറ. വീഡിയോ കോളുകള്‍ക്കായി 5 എംപിയുടെ ഫ്രണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു. 544 ഗ്രാമാണ് സര്‍ഫെയ്‌സ് ഗോ 3യുടെ ഭാരം. നവംബര്‍ 23 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്.



Tags:    

Similar News