ഐഫോണ്‍ ഇനി ടാറ്റ നിര്‍മിക്കും; മത്സരം ചൈനയുമായി

ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐ ഫോണ്‍ നിര്‍മാണത്തിലേക്ക് പ്രവേശിക്കുന്നത്

Update:2023-10-28 09:46 IST

Image : Canva

'ഐ ഫോണ്‍ മെയ്ഡ് ബൈ ടാറ്റ' ഇനി ഇങ്ങനെയും ലോകമെമ്പാടുമുള്ള ആപ്പിള്‍ ഗാഡ്ജറ്റുകളില്‍ കാണാം. രണ്ടര വര്‍ഷത്തിനകം ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണുകള്‍ നിര്‍മിക്കാന്‍ തുടങ്ങുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഈ വികസനം ഇന്ത്യയുടെ ഉല്‍പ്പാദന വൈദഗ്ധ്യത്തിന് അടിവരയിടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആപ്പിള്‍ ഐഫോണ്‍ നിര്‍മിക്കുന്ന തായ്‌വാനിലെ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഉപകമ്പനിയായ വിസ്‌ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിംഗിനെ 1,040 കോടി രൂപയ്ക്ക് ടാറ്റ ഏറ്റെടുക്കും. കമ്പനിയുടെ 100 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് കീഴിലാകും. 

വിസ്‌ട്രോണിന് പുറമെ ഫോക്‌സ്‌കോണും പെഗാട്രോണും ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നുണ്ട്. ഇവരും തായ്‌വാന്‍ കമ്പനികളാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി ഐ ഫോണ്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്. ആ റെക്കോഡും ഇനി ടാറ്റയ്ക്ക് സ്വന്തം. 

ആകെ ഐഫോണ്‍ നിര്‍മാണത്തിന്റെ 25 ശതമാനവും ഇന്ത്യയില്‍ നിന്നാക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. ലോകമെമ്പാടുമുള്ള വിപണിയിലെ 'മെയ്ഡ് ഇന്‍ ചൈന' ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുമായി ഇനി 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പ്പന്നങ്ങളുടെ കൂടുതല്‍ ശക്തമാകും.

'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ ഐ ഫോണ്‍ നിര്‍മാണമുള്‍പ്പെടെയുള്ള ആഭ്യന്തര ഉല്‍പ്പാദനശ്രേണി വികസിക്കുമ്പോള്‍ ആഗോള ഇലക്ട്രോണിക് കമ്പനികള്‍ രാജ്യത്തെ ഉല്‍പ്പാദന ഹബ് ആയി കാണുന്ന സ്ഥിതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News