ഗെയിമര്‍മാരെ ചാക്കിലാക്കാന്‍ അംബാനി, കമ്പനികള്‍ക്കും നേട്ടം, ജിയോയുടെ വമ്പന്‍ ഓഫറുകള്‍ അണിയറയില്‍

ഗെയിമർമാർക്ക് ബൂസ്റ്റര്‍ പ്ലാനുകള്‍ ജിയോ പരിഗണിക്കുന്നു

Update:2024-11-06 12:58 IST

Image Courtesy: Canva

15 കോടി 5ജി വരിക്കാരാണ് റിലയന്‍സ് ജിയോയ്ക്കുളളത്. വലിയ വേഗതയില്‍ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നത് കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്നവരെ വലിയ തോതില്‍ ആകര്‍ഷിക്കുന്ന ഘടകമാണ്.
ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജിയോ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നു. ഗെയിമർമാർ സാധാരണയായി ഉയർന്ന 5ജി വേഗതയും തിരക്കില്ലാത്ത നെറ്റ്‌വർക്കുകളമാണ് ഇഷ്ടപ്പെടുന്നത്. ഇവര്‍ക്കായി ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിക്കാനുളള ആലോചനയിലാണ് ജിയോ.

സൂപ്പർഫാസ്റ്റ് നെറ്റ്‌വർക്ക്

ഗെയിമുകൾക്കായി ഉപയോക്താക്കളെ തിരക്കേറിയ നെറ്റ്‌വർക്കില്‍ ഉൾപ്പെടുത്തുന്നതിനുപകരം ജിയോ അവരെ സൂപ്പർഫാസ്റ്റ് നെറ്റ്‌വർക്ക് ലെയ്‌നിൽ ഉൾപ്പെടുത്താനുളള സാധ്യതകളാണ് പരിഗണിക്കുന്നത്. ഗെയിമുകൾ കളിക്കുമ്പോൾ വേഗത്തിലുളള പ്രതികരണ സമയം ആവശ്യമായതിനാല്‍ സൂപ്പർഫാസ്റ്റ് നെറ്റ്‌വർക്ക് ലെയ്‌ന്‍ മികച്ച ഗെയിമിംഗ് അനുഭവം ഉപയോക്താക്കള്‍ക്ക് പ്രദാനം ചെയ്യും.
പ്രൊഫഷണൽ ഗെയിമർമാര്‍ക്ക് ജിയോയിൽ പണം നല്‍കി സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങാനുളള ഓഫറുകളാണ് നല്‍കുക. ഫൈബർ ബ്രോഡ്‌ബാൻഡിൽ നിന്നും ഫിക്സഡ് വയർലെസ് ആക്സസില്‍ നിന്നുമാണ് ജിയോയ്ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാകാന്‍ സാധ്യതയുളളത്.
ഗെയിമർമാർ കൂടുതലായും ഇത്തരം നെറ്റ്‌വർക്കുകളെ ആശ്രയിക്കുന്നതാണ് പ്രധാന കാരണം. ഉപയോക്താക്കൾക്ക് സ്ഥിരതയാര്‍ന്ന കണക്ഷനുകളും വിപുലമായ ബാൻഡ്‌വിഡ്ത്തും വേഗതയുമാണ് ബ്രോഡ്‌ബാൻഡ് വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബറോടെ ജിയോ 28 ലക്ഷം വീടുകളെയാണ് എയർ ഫൈബറുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

സുരക്ഷിത നെറ്റ്‌വർക്ക്

അതേസമയം, കൂടുതല്‍ സുരക്ഷിതത്വം ആവശ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കുമായി സുരക്ഷിത നെറ്റ്‌വർക്ക് കോളിംഗ് സംവിധാനവും ജിയോ പരിഗണിക്കുന്നുണ്ട്. ആർക്കും ഹാക്ക് ചെയ്യാൻ കഴിയാത്ത സുരക്ഷിതമായ നെറ്റ്‌വർക്കിൽ പ്രവർത്തിക്കാൻ ഈ സംവിധാനം സഹായകരമാണ്.
5ജി ഉപയോഗിച്ച് സുരക്ഷിതമായ ലെയറുകൾ സൃഷ്‌ടിക്കാന്‍ സാധ്യമാണ്. നെറ്റ്‌വർക്ക് സുരക്ഷ അത്യാവശ്യമായ ഇന്ത്യൻ സൈന്യത്തിന് ജിയോ സമാനമായ സംവിധാനം നൽകുന്നുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ക്ലൗഡ് വികസിപ്പിക്കുന്നതിനും ജിയോയ്ക്ക് പദ്ധതികളുണ്ട്. എ.ഐ ആപ്ലിക്കേഷനുകൾ സാധാരണക്കാരന് താങ്ങാനാവുന്നതാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം.
Tags:    

Similar News