ഓഹരി തിരിച്ചു വാങ്ങാന്‍ ഒരുങ്ങി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌

ബൈബാക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും രണ്ടാംപാദപ്രവര്‍ത്തന ഫലങ്ങളും ഒക്ടോബര്‍ 11ന് പ്രഖ്യാപിക്കും

Update:2023-10-07 12:54 IST

Represenational Image by Canva

രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി (Share Buyback) പ്രഖ്യാപിച്ചു. 16,000-18,000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങുമെന്നാണ് കരുതുന്നത്. ബൈബാക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും രണ്ടാംപാദപ്രവര്‍ത്തന ഫലങ്ങളും ഒക്ടോബര്‍ 11ന് പ്രഖ്യാപിക്കും.

2022ല്‍ ടി.സി.എസ് 18,000 കോടി രൂപയുടെ ഓഹരി തിരിച്ചു വാങ്ങല്‍ നടത്തിയിരുന്നു. 4,500 രൂപ നിരക്കില്‍ നാല് കോടി ഓഹരികളാണ് അന്ന് തിരിച്ചു വാങ്ങിയത്. 2007 മുതല്‍ ഇത് അഞ്ചാം തവണയാണ് ടി.സി.എസ് ബൈബാക്ക് പ്രഖ്യാപിക്കുന്നത്.
2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 42,079 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് ഡിവിഡന്‍ഡായി നല്‍കിയത്. ടി.സി.എസില്‍ 72.3 ശതമാനം ഓഹരി പങ്കാളിത്തമുള്ള മാതൃകമ്പനിയായ ടാറ്റ സണ്‍സാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി നടക്കുന്ന ഓഹരി തിരിച്ചു വാങ്ങലിന്റേയും ഡിവിഡന്‍ഡിന്റേയും മുഖ്യ ഗുണഭോക്താക്കള്‍. കമ്പനിയുടെ ക്യാപിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ നയത്തിന്റെ ഭാഗമായാണ് ഡിവിഡന്‍ഡും ഷെയര്‍ബൈബാക്കും അനുവദിക്കുന്നത്. ഇതുവരെ മൊത്തം 99,514 കോടി രൂപയാണ് ഓഹരി ബൈബാക്കും ഡിവിഡന്‍ഡുമായി ടി.സി.എസ് നല്‍കിയത്.
പുതിയ നേതൃത്വത്തില്‍
കമ്പനിയുടെ നേതൃനിരയില്‍ മാറ്റം വന്നതിനു ശേഷമുള്ള ആദ്യ ഓഹരി തിരിച്ചു വാങ്ങലാണ് ഇനി വരുന്നത്. ഈ വര്‍ഷം ആദ്യം സി.ഇ.ഒ സ്ഥാനത്ത് നിന്ന് രാജേഷ് ഗോഫിനാഥ് അപ്രതീക്ഷിതമായി രാജിവച്ചിരുന്നു. തുടര്‍ന്ന് സ്ഥാനമേറ്റ കെ.കൃതിവാസന്‍ സ്ഥാപനത്തില്‍ വ്യാപകമായ പുന:സംഘടന നടത്തുകയും ചെയ്തു. ഓഹരി തിരിച്ചു വാങ്ങുന്നത് ഓഹരിയുടെമകളെ സംബന്ധിച്ച് കമ്പനി കോര്‍പറേറ്റ് ഗവേണന്‍സിന് മികച്ച പരിഗണന നല്‍കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുകയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കമ്പനിയുടെ ഭാവിയെ കുറിച്ച് മാനേജ്‌മെന്റിനുള്ള വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
നിഫ്റ്റിയെ മറികടക്കുന്ന നേട്ടത്തില്‍ ഓഹരി
ടി.സി.എസ് ഓഹരി ഈ വര്‍ഷം ഇതു വരെ നിക്ഷേപകര്‍ക്ക് 11 ശതമാനം നേട്ടമാണ് നല്‍കിയത്. നിഫ്റ്റി 50യെയും മറികടക്കുന്ന വളര്‍ച്ചയാണിത്. ജനുവരി രണ്ട് മുതല്‍ ഒക്ടോബര്‍ ആറു വരെ 8 ശതമാനമാണ് നിഫ്റ്റിയുടെ നേട്ടം. ഇന്നലെ 0.89 ശതമാനം ഉയര്‍ന്ന് 3,621.40 രൂപയിലാണ് ടി.സി.എസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ജെ.പി.മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള അനലിസ്റ്റുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം ഐ.ടി മേഖല മോശം പ്രവർത്തനഫലങ്ങൾ കാഴ്ചവച്ചേക്കാമെന്നും  ഏറ്റവും വലിയ അഞ്ച് ഐ.ടി കമ്പനികള്‍ ഒറ്റയക്ക വളര്‍ച്ചയിലേക്ക് പോകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടി.സി.എസിന്റെ ലാഭം തൊട്ടു മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാനപാദത്തേക്കാള്‍ 16.8 ശതമാനം ഉയര്‍ന്ന് 11,120 കോടി രൂപയായി. അതേസമയം, തൊട്ട് മുന്‍പാദവുമായി (2023 ജനുവരി-മാര്‍ച്ച്) നോക്കുമ്പോള്‍ 2.7 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
ഓഹരി ബൈബാക്ക്

നിലവിലുള്ള വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയില്‍ കമ്പനികള്‍ ഓഹരി ഉടമകളില്‍ നിന്നും ഓഹരി തിരികെ വാങ്ങുന്ന പ്രക്രിയയാണ് ഷെയര്‍ ബൈബാക്ക്. ഓഹരികളെ കൂടുതല്‍ ആകര്‍ഷകമാക്കുക എന്നതാണ് ഓഹരി തിരിച്ചു വാങ്ങുന്നതിലൂടെ കമ്പനികള്‍ ലക്ഷ്യമിടുന്നത്. വിപണിയില്‍ ഓഹരികളുടെ എണ്ണം കുറച്ച് വില ആകര്‍ഷകമാക്കാന്‍ ഇത് സഹായിക്കും. രണ്ടു തരത്തിലാണ് ബൈബാക്ക് നടത്താറുള്ളത്. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ടുവാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്.

ഒരു കമ്പനിയിലെ ഓഹരികളുടെ എണ്ണം കുറയുമ്പോള്‍ ലാഭം കുറച്ച് ഓഹരികളിലേക്ക് മാത്രം വിതരണം ചെയ്യപ്പെടുമെന്നതിനാല്‍ ഓരോ ഓഹരിയുടേയും വരുമാനം വര്‍ധിക്കാനിടയാക്കും. ഇത് വിപണിയിലെ ഓഹരികളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Tags:    

Similar News