കൂട്ടപിരിച്ചുവിടലിനൊരുങ്ങി ഒ.എല്‍.എക്‌സ്; 800 ജീവനക്കാരെ ബാധിക്കും
ഒ.എല്‍.എക്സ് ഓട്ടോസ് എന്ന വെബ്‌സൈറ്റ് ഇന്ത്യയില്‍ നിലവില്‍ സജീവമാണ്
കൂട്ടപിരിച്ചുവിടലിന് തയ്യാറെടുത്ത് ഒ.എല്‍.എക്‌സ്. ആഗോളതലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത്. അടുത്തിടെ കമ്പനിയുടെ കാര്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്സ് ഓട്ടോസ് ചില പ്രദേശങ്ങളിലായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള തലത്തില്‍ 800 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി ഒ.എല്‍.എക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.
സാമ്പത്തിക സാഹചര്യങ്ങള്‍ മോശമായത് മൂലം കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 2023ല്‍ 1500 ഓളം ജീവനക്കാരെ ആഗോളതലത്തില്‍ പിരിച്ച് വിടുമെന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് കമ്പനി ഈ വര്‍ഷമാദ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ സജീവം
പ്രാദേശിക വിപണികളില്‍ നിലനില്‍ക്കുന്നമ്പോളുള്ള മെച്ചം കണക്കിലെടുക്കുമ്പോള്‍ ഓരോ രാജ്യങ്ങളിലായുള്ള വില്‍പ്പന പിന്തുടരുന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് കമ്പനിയ്ക്ക് വ്യക്തമായതായി ഒ.എല്‍.എക്‌സ് വക്താവ് പറഞ്ഞു. അതിനാല്‍ ചില രാജ്യങ്ങളിലെ വില്‍പപന മാത്രം തുടരും. കാര്‍ വില്‍പന പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്സ് ഓട്ടോസ് എന്ന വെബ്‌സൈറ്റ് ഇന്ത്യയില്‍ നിലവില്‍ സജീവമാണ്.
11,375 ജീവനക്കാര്‍
ഒ.എല്‍.എക്സ് ഗ്രൂപ്പിന്റെ മാതൃ സ്ഥാപനമായ പ്രോസസിന്റെ 2022 മാര്‍ച്ച് 31ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനിക്ക് ലോകമെമ്പാടും 11,375 ജീവനക്കാരാണുള്ളത്. 2022 നവംബറില്‍ ഒഎല്‍എക്സ് ഓട്ടോ വരുമാനത്തില്‍ 84 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി പ്രോസസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.