ബിസിനസുകള്‍ മാതൃകയാക്കേണ്ട തന്ത്രം, ആപ്പിള്‍ വിലക്കുറഞ്ഞ ഐഫോണ്‍ അവതരിപ്പിച്ചു

Update: 2020-04-18 10:37 GMT

പതിവുപോലെ വലിയ ചടങ്ങുകളൊന്നുമില്ലാതെ ആദ്യ ഐഫോണ്‍ അവതരണം. മിക്ക രാജ്യങ്ങളും ലോക്ഡൗണ്‍ ആയ സാഹചര്യത്തില്‍ ആപ്പിള്‍ ഇറക്കിയത് വിലക്കുറഞ്ഞ ഐഫോണ്‍ മോഡല്‍. കോറോണ ലോകവിപണിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടപ്പോള്‍ വിപണി പിടിക്കാനുള്ള ആപ്പിളിന്റെ തന്ത്രം. ഇന്ത്യ പോലെ വിലയ്ക്ക് പ്രാധാന്യമുള്ള വിപണികളാണ് ആപ്പിള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

രണ്ടാം തലമുറ ഐഫോണ്‍ SE ആണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2016ല്‍ ആദ്യമായി അവതരിപ്പിച്ച മോഡലിന്റെ അതേ പേരു തന്നെയാണ് ഇതിനും. 399 ഡോളര്‍ വിലയുള്ള ഇതിന്റെ പ്രീ ഓര്‍ഡര്‍ ഇന്നലെ ആരംഭിച്ചു. ഏപ്രില്‍ 24നാണ് ഡെലിവറി.

കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഐഫോണ്‍ മോഡല്‍ ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ചൈനയിലെ ഉല്‍പ്പാദനയൂണിറ്റുകള്‍ അടച്ചിട്ടതുകൊണ്ട് ഉല്‍പ്പാദനത്തില്‍ കാലതാമസവുമുണ്ടായത് കമ്പനിക്ക് പ്രതിസന്ധിയുണ്ടാക്കി. ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതും ഐഫോണ്‍ സപ്ലൈയിലെ പ്രശ്‌നങ്ങളും രണ്ടാം പാദത്തെ വരുമാനത്തെ ബാധിക്കുമെന്ന് കമ്പനി ഫെബ്രുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ മോഡലിന്റെ ഡിമാന്റ് നിറവേറ്റാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആപ്പിള്‍.

4.7 ഇഞ്ച് റെറ്റിനാ ഡിസ്‌പ്ലേ എച്ച്ഡി സ്‌ക്രീനാണ് ഐഫോണ്‍ SEക്കുള്ളത്. ഹോം ബട്ടണ്‍ ഇതില്‍ തിരിച്ചെത്തിയിട്ടുണ്ട്. 12 മെഗാപിക്‌സല്‍ പിന്‍കാമറയാണ് ഇതിനുള്ളത്. സെല്‍ഫി കാമറയ്ക്ക് ഏഴ് മെഗാപിക്‌സല്‍ വ്യക്തതയുണ്ട്. 

വെള്ളത്തെ പ്രതിരോധിക്കുന്ന ഈ മോഡല്‍ അലുമിനിയം ഗ്ലാസ് ഡിസൈനാണ്. വെള്ളത്തില്‍ ഒരു മീറ്റര്‍ വരെ താഴ്ചയില്‍ 30 മിനിറ്റ് നേരം കിടന്നാലും ഫോണിന് പ്രശ്‌നം വരില്ലത്രെ. മൂന്ന് വേരിയന്റുകളില്‍ ഈ മോഡല്‍ ലഭ്യമാണ്. 64 ജിബി, 128 ജിബി, 256 ജിബി എന്നീ വകഭേദങ്ങള്‍ വൈറ്റ്, ബ്ലാക്ക്, പ്രോഡക്റ്റ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News