പ്ലേ സ്റ്റോറിൽ നിന്ന് 'ടിക് ടോകി'നെ ഒഴിവാക്കി ഗൂഗിൾ

Update: 2019-04-17 06:15 GMT

യുവാക്കൾക്കിടയിൽ ജനപ്രീതിനേടിയ ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ 'ടിക് ടോക്' നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ആപ്പ്ളിക്കേഷൻ അപ്പാടെ ഒഴിവാക്കി ഗൂഗിൾ പ്ലേ സ്റ്റോർ. ആപ്പിലെ കണ്ടന്റ് സംബന്ധിച്ച ഹർജിയാണ് ഏപ്രിൽ മൂന്നിന് മദ്രാസ് ഹൈക്കോടതി ആപ്പ് നിരോധിക്കുന്നതിലേക്ക് നയിച്ചത്.

ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഈ നിരോധനം നീക്കാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിന് സ്റ്റേ നൽകാൻ സുപ്രീംകോടതിയും വിസമ്മതിച്ചു.

ഏപ്രിൽ 24 നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുക. സീനിയർ അഭിഭാഷകനായ അരവിന്ദ് ദത്തറിനെ ഇതേക്കുറിച്ച് പഠിക്കാനും കോടതി നിയോഗിച്ചിട്ടുണ്ട്. ഏപ്രിൽ 22 ന് സുപ്രീം കോടതി ഹർജിയിൽ വാദം വീണ്ടും കേൾക്കും.

ഇന്ത്യയിൽ ടിക് ടോക്കിന് 120 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇപ്പോഴും ആപ്പ് ആക്സസ് ചെയ്യാനാകുന്നുണ്ട്. എന്നാൽ പുതിയതായി ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമല്ല.

ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ ഉടമസ്ഥർ. കമ്പനിയുടെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. ടിക് ടോക് നിരോധനം കമ്പനിയുടെ ഇന്ത്യൻ ബിസിനസിനെ അപ്പാടെ തകർക്കുമെന്ന് ബൈറ്റ് ഡാൻസിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി വാദിച്ചിരുന്നു.

75 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. ടിക് ടോക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് ചൈനയിലാണ്.

കോടതി ഉത്തരവിന് ശേഷം ആപ്പ് ഒഴിവാക്കാൻ ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആൽഫബെറ്റിനോടും ആപ്പിളിനോടും റെഗുലേറ്റർ ആവശ്യപ്പെട്ടിരുന്നു.

Similar News