നിരോധനത്തിന് ശേഷം ടിക് ടോക്കിന്റെ ഡൗൺലോഡ് 15 മടങ്ങ് കൂടി!

Update: 2019-04-20 05:53 GMT

ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചിട്ടു വെറും നാലു ദിവസമേ ആയിട്ടുള്ളു. ഗൂഗിൾ, ആപ്പിൾ തുടങ്ങിയവ അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക്കിനെ ഒഴിവാക്കിയെങ്കിലും, ഇന്ത്യയിൽ ഇതിന്റെ ഡൗൺലോഡ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

തേർഡ് പാർട്ടി വെബ്‌സൈറ്റുകളിൽ നിന്നാണ് ടിക് ടോക് ഇപ്പോൾ ഡൗൺലോഡ് ചെയ്യപ്പെടുന്നത്. എപികെ മിററിൽ നിന്നുള്ള ഡൗൺലോഡ് മുൻപത്തേതിലും 10-15 മടങ്ങ് കൂടി. ആൻഡോയ്ഡ് ആപ്പ് സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള വെബ്സൈറ്റാണ് എപികെ മിറർ.

കോടതി വിധിവന്ന് ഒരു ദിവസത്തിന് ശേഷം, വെബ്‌സൈറ്റ് വഴിയുള്ള ടിക് ടോക് ട്രാഫിക്കിൽ അഞ്ചു മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയതെങ്കിൽ, ഏപ്രിൽ 17 ന് ട്രാഫിക് 12 മടങ്ങ് വർധനയാണ് കണ്ടത്.

ഗൂഗിൾ ട്രെൻഡ്‌സ് നൽകുന്ന വിവരമനുസരിച്ച് 'ടിക് ടോക് ഡൗൺലോഡ്' എന്ന് സെർച്ച് ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തേർഡ് പാർട്ടി വെബ്‌സൈറ്റിൽ നിന്നും ആപ്പുകളിൽ നിന്നും ടിക് ടോക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് സുരക്ഷ, സ്വകാര്യത തുടങ്ങിയ സംബന്ധിച്ച ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് സൈബർ വിദഗ്ധർ മുന്നറിപ്പ് നൽകുന്നുമുണ്ട്.

ടിക് ടോക് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ ഏപ്രിൽ 15ന് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് സർക്കാർ ഗൂഗിളിനോടും ആപ്പിളിനോടും ആപ്പ് നിരോധിക്കാൻ ആവശ്യപ്പെട്ടത്.

ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പാണ് ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാൻസ്. ഏപ്രിൽ 22ന് കമ്പനിയുടെ വാദം കോടതി കേൾക്കും. നിലവിലുള്ള ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ ഇപ്പോൾ തടസമില്ല.

2018-ൽ ഇന്ത്യയിൽ അവതരിപ്പിച്ച ടിക് ടോക്കിന് 120 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. 75 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം.

ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇന്ത്യൻ വിപണിയെക്കുറിച്ച് പോസറ്റീവ് ആയ പ്രതീക്ഷയിലാണ് ബൈറ്റ് ഡാൻസ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളറാണ് കമ്പനി രാജ്യത്ത് നിക്ഷേപിക്കാനുദ്ദേശിക്കുന്നത്.

Similar News