ചൈനയില്‍ നിന്നും പടിയിറങ്ങി ടിക് ടോക്; പറിച്ച് നടുന്നത് ലണ്ടനിലേക്ക്?

Update: 2020-07-20 07:15 GMT

ഇന്ത്യയ്ക്ക് പുറമെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ വന്നതോടെ ടിക്ടോക് ചൈനയുടെ ഉടമസ്ഥതയില്‍ നിന്നും സ്വയം അകന്നുനില്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പുതിയ ആസ്ഥാനം കണ്ടെത്തുകയാണ്. ഇതിന്റെ ഭാഗമായി ടിക്ക് ടോക്ക് കമ്പനിയായ ബൈറ്റ് ഡാന്‍സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി യുകെ സര്‍ക്കാരുമായി ചര്‍ച്ച നടത്തി വരുന്നതായി റിപ്പോര്‍ട്ട്. കമ്പനി പരിഗണിക്കുന്ന നിരവധി സ്ഥലങ്ങളില്‍ ഒന്നാണ് ലണ്ടന്‍. ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ടിക്ക് ടോക്ക്. ടിക് ടോക്, ഹലോ എന്നീ ബൈറ്റ് ഡാന്‍സ് കമ്പനിയുടെ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന പ്രധാന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റിയേക്കുമെന്ന സൂചനാ സന്ദേശങ്ങള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.

മുന്‍ വാള്‍ട്ട് ഡിസ്‌നി കോ എക്‌സിക്യൂട്ടീവ് ആയിരുന്ന കെവിന്‍ മേയറെ ടിക്ക് ടോക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിച്ചടി ഉള്‍പ്പെടെ ഈ വര്‍ഷം ചില പരിഷ്‌കരണങ്ങള്‍ കമ്പനി നടപ്പിലാക്കിയിരുന്നു. അദ്ദേഹം അമേരിക്കയിലാണ്. എന്നാല്‍ അമേരിക്കയും അടുത്തിടെ ടിക് ടോക്കിന് നിയന്ത്രണങ്ങള്‍ നല്‍കിയിരുന്നു. ഉപയോക്തൃ ഡാറ്റ കൈമാറാന്‍ ചൈന കമ്പനിയെ നിര്‍ബന്ധിതരാക്കുമെന്ന സംശയത്തെത്തുടര്‍ന്നാണ് ടിക് ടോക്ക് വാഷിംഗ്ടണില്‍ കടുത്ത പരിശോധനകള്‍ക്ക് വിധേയമാകുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയിലെ പ്രശ്‌നങ്ങളില്‍ കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ലണ്ടനെ പുതിയ ആസ്ഥാനത്തിന് സാധ്യതയുള്ള സ്ഥലത്തില്‍ നിന്ന് തള്ളിക്കളഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ലണ്ടനിലും ചൈനയ്ക്ക് പുറത്തുള്ള മറ്റ് പ്രധാന സ്ഥലങ്ങളിലുമുള്ള ടിക് ടോക്കിന്റെ വര്‍ക്കിംഗ് ടീം എണ്ണം ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളില്‍ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനില്‍ ആഗോള ആസ്ഥാനം തുറക്കുന്നതിനായി യുകെ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ടിക് ടോക്ക് അവസാനിപ്പിച്ചു എന്നാണ്. തീരുമാനം എടുത്തോ അതോ ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ ശ്രമം അവസാനിപ്പിച്ചോ എന്നതിലും വ്യക്തത വന്നിട്ടില്ല. ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി അവസാനിപ്പിച്ചില്ലെങ്കിലും ആസ്ഥാനം മാറുമെന്നത് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News