മൊബീല്‍ ഫോണ്‍ വെള്ളത്തില്‍ വീണു നനഞ്ഞോ? ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

Update: 2019-08-13 14:06 GMT

കനത്തമഴയും വെള്ളക്കെട്ടും പ്രളയദുരിതവും കേരളത്തിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇതില്‍ ചിലരുടെയെങ്കിലും ഫോണുകള്‍ വെള്ളത്തില്‍ വീഴുകയോ മഴ നനഞ്ഞു പോയിട്ടോ ഉണ്ടാകാം. വെള്ളം നനഞ്ഞ് ഫോണ്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ നിങ്ങള്‍ ചെയ്യാന്‍ പാടുള്ളതും ചെയ്യാന്‍ പാടില്ലാത്തതുമായ ഓരോ കാര്യങ്ങളും ചുവടെ വായിക്കാം.

ചെയ്യാന്‍ പാടില്ലാത്തത്

  • ഫോണ്‍ ഓണ്‍ ചെയ്യരുത്.

  • ബട്ടണുകള്‍ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.

  • അമര്‍ത്തുകയോ കുടയുകയോ ചെയ്യരുത്.

  • ഫോണ്‍ താഴോട്ടും മുകളിലോട്ടും വശങ്ങളിലേക്കും ശക്തിയില്‍ ഇളക്കരുത്. ഇത് വെള്ളം കയറിയിട്ടുണ്ടെങ്കില്‍ മറ്റു ഭാഗങ്ങളിലേക്ക് കൂടെ എത്താന്‍ കാരണമാകും.

  • ബാറ്ററി അഴിക്കാന്‍ സാധിക്കാത്ത ഫോണ്‍ ആണെങ്കില്‍ ബലം പിടിച്ച് അഴിക്കരുത്. വശങ്ങളില്‍ ഊതരുത്.

  • ഡ്രയര്‍, മോക്രോവേവ് എന്നിവ ഉപയോഗിച്ച് ചൂടാക്കാനോ ഫ്രിഡ്ജില്‍ വച്ച് വെള്ളം ഫ്രീസ് ചെയ്യിക്കാനോ ശ്രമിക്കരുത്.

മുകളില്‍ പറഞ്ഞ ഓരോ കാര്യങ്ങളും നിങ്ങള്‍ ആദ്യമേ ശ്രദ്ധിക്കുക. ഇതില്‍ ഏതെങ്കിലും ചെയ്തുപോയാല്‍ ഒരുപക്ഷെ അത് ഫോണ്‍ ഒരിക്കലും തിരിച്ചുകിട്ടാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കും.

ഇനി എന്തൊക്കെയാണ് നിങ്ങള്‍ ചെയ്യേണ്ടത്

  • ഓണ്‍ ആണെങ്കില്‍ ഓഫ് ചെയ്യുക. നനഞ്ഞ അവസ്ഥയില്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഉചിതമല്ല. ഓഫ് ആകാതെ ശരിയായി പ്രവര്‍ത്തിക്കുന്നതായി കാണിച്ചാലും ഓഫ് ചെയ്യണം.

  • ഫോണ്‍ ഓഫ് ചെയ്താല്‍ അടുത്തതായി ചെയ്യേണ്ടത് ഫോണിലെ മെമ്മറി കാര്‍ഡ്, സിം, ബാറ്ററി എന്നിവ അഴിക്കുക എന്നതാണ്. അതില്‍ തന്നെ സൂക്ഷിക്കുന്ന പക്ഷം സിം, മെമ്മറി കാര്‍ഡ്, ബാറ്ററി എന്നിവക്കും പ്രശ്‌നം സംഭവിക്കാന്‍ കാരണമാകും.

  • മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒട്ടും സമയം പാഴാക്കാതെ ചെയ്ത ശേഷം ഫോണ്‍ വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് തുടയ്ക്കുക. കഴിയുന്ന അത്രയും ഭാഗങ്ങള്‍ പതിയെ പൂര്‍ണ്ണമായും തുടച്ചു വൃത്തിയാക്കുക.

  • പൂര്‍ണമായും വെള്ളത്തില്‍ വീണെങ്കില്‍ വാക്വം സൈഡില്‍ പിടിച്ച് ചെറുതായി വെള്ളം വലിക്കാം.

  • ഫോണ്‍ സിബ്ബിട്ട കവറിലാക്കി അരിയിട്ടു വച്ച പാത്രത്തില്‍ ഇട്ടു വയ്ക്കുക.

  • ഇത് എല്ലാം തന്നെ ചെയ്ത ശേഷം ചെറിയ രീതിയില്‍ വെള്ളം കയറിയതാണ്, ആ വെള്ളം എല്ലാം തന്നെ പൂര്‍ണ്ണമായും ഒഴിവായി എന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടെങ്കില്‍ മാത്രം കുറച്ചു സമയം കഴിഞ്ഞു മാത്രം ഉപയോഗിച്ച് നോക്കാം. എന്നിട്ട് പരിശോധിക്കുക ഏതെല്ലാം പ്രവര്‍ത്തിക്കുന്നു, ഏതൊക്കെ കേടായി എന്നതെല്ലാം. അല്ലാത്ത പക്ഷം ഒരു സര്‍വീസ് സെന്ററില്‍ ഫോണ്‍ നേരെയാക്കാന്‍ കൊടുക്കാവുന്നതാണ്.

Similar News