ട്വിറ്ററിന് ഐടി നിയമത്തിന്റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം; കാരണമിതാണ്

ഐടി മന്ത്രാലയത്തിന്റെ നടപടിക്ക് പിന്നാലെ തെറ്റായ വിവരം പ്രചരിപ്പിച്ചതിന് ട്വിറ്ററിനെതിരെ ആദ്യ കേസെടുത്ത് യുപി പോലീസ്.

Update: 2021-06-16 12:34 GMT

ട്വിറ്ററിന് ഐടി നിയമത്തിന്റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ ട്വിറ്ററിന് ഇന്ത്യയില്‍ ലീഗല്‍ ഇമ്മ്യൂണിറ്റി നഷ്ടപ്പെട്ടതായി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. സാമൂഹിക മാധ്യമ കമ്പനികളെല്ലാം ചീഫ് കംപ്ലയ്ന്‍സ് ഉദ്യോഗസ്ഥനെ നിയമിച്ച് അറിയിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് നടത്തിയിട്ടില്ല.

ഇന്ത്യയില്‍ തന്നെയുള്ള ഉദ്യോഗസ്ഥനെ ട്വിറ്റര്‍ നിയമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അറിയിപ്പ് ലഭിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ തന്നെ ഒഫിഷ്യല്‍ അക്കൗണ്ടിലൂടെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ട്വീറ്റ് ചെയ്തിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ല.
കാലാവധി കഴിഞ്ഞിട്ടും ഉദ്യോഗസ്ഥനെ നിയമിച്ചതായുള്ള ട്വിറ്ററിന്റെ അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനിടെ ട്വിറ്ററിനെതിരെ ആദ്യ കേസെടുത്ത് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് ഉത്തര്‍പ്രദേശ് പൊലീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ട്വിറ്ററിനെതിരെ കേസെടുത്തിട്ടുള്ളത്.


Tags:    

Similar News