ചാര സോഫ്റ്റ്‌വെയറിലൂടെ വിവര ചോര്‍ച്ച: ഇന്ത്യയെ അറിയിച്ചിരുന്നെന്ന് വാട്സ്ആപ്പ്

Update: 2019-11-02 09:33 GMT

ചാര സോഫ്റ്റ്‌വെയര്‍ വഴി രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന ഇന്ത്യയുടെ ആരോപണം വാട്‌സ്ആപ്പ് നിഷേധിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ത്തന്നെ ഇന്ത്യന്‍ അധികൃതരെ ഇക്കാര്യം അറിയിച്ചതായി വാട്സ്ആപ്പ് വിശദീകരിച്ചു.

മേയ് മാസത്തിലുണ്ടായ ഒരു സുരക്ഷാ പ്രശ്നം ഉടന്‍തന്നെ തങ്ങള്‍ പരിഹരിക്കുകയും ഇന്ത്യന്‍ അധികൃതരെയും ബന്ധപ്പെട്ട അന്താരാഷ്ട്ര കേന്ദ്രങ്ങളെയും അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷാ വീഴ്ചയ്ക്ക് ഇരയായവരെ കണ്ടെത്താനും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കമ്പനി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയുമാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖരായ 25 പേരുടെ ഫോണ്‍ വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തി എന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് സംഭവിച്ച സുരക്ഷാ വീഴ്ചയുടെ സ്വഭാവം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 20 രാജ്യങ്ങളിലെ 1400 പ്രമുഖരുടെ വിവരം പെഗാസസ് ഉപയോഗിച്ച് വാട്‌സാപ്പ് വഴി ചോര്‍ത്തിയതാണ് വിവാദമായിരിക്കുന്നത്.

ഇസ്രായേലി രഹസ്യപൊലീസ് സംഘടനയിലെ മുന്‍ അംഗങ്ങള്‍ ഡയറക്ടര്‍മാരായ എന്‍എസ്ഒ എന്ന കമ്പനിയുടെ പെഗാസസ് എന്ന സോഫ്റ്റ്വെയറാണ് ഈ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ എന്‍എസ്ഒ കമ്പനിക്കെതിരെ കേസുമായി മുന്നോട്ടുപോകാനാണ് വാട്ട്‌സാപ്പ് കമ്പനിയുടെ തീരുമാനം.
തീവ്രവാദവും കുറ്റകൃത്യവും തടയാന്‍ സര്‍ക്കാരുകളെ സഹായിക്കാനെന്ന പ്രഖ്യാപനത്തോടെയാണ് പെഗാസസ് എന്ന ചാര സ്‌പെവെയര്‍ പുറത്തിറക്കിയത്. ബ്ലാക്‌ബെറി, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള ഡിവൈസുകളില്‍ പെഗാസസ് ഉപയോഗിച്ച് നുഴഞ്ഞ് കയറാന്‍ സാധിക്കും.

ഫോണ്‍ വിളി, മെസേജ്, മെയില്‍ പാസ് വേഡ്, ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍ തുടങ്ങി ഫോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പെഗാസസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാന്‍ കഴിയും. ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ഇല്ലാതാവുന്ന രീതിയിലാണ് ഈ ചാര സ്‌പെവെയറിന്റെ നിര്‍മാണം. സര്‍ക്കാരുകള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും മാത്രമേ സോഫ്റ്റ് വെയര്‍ കൈമാറിയിട്ടുള്ളൂ എന്നാണ് എന്‍എസ്ഒ പറയുന്നതെങ്കിലും സോഫ്റ്റ്‌വെയര്‍ ആര്‍ക്കെല്ലാം കൈമാറിയിട്ടുണ്ടെന്നത് ഇനിയും വിശദമാക്കിയിട്ടില്ല. ഫോണ്‍ ചോര്‍ത്തണമെങ്കില്‍ പോലും കൃത്യമായ മാനദണ്ഡങ്ങള്‍ ഉള്ള രാജ്യങ്ങളിലാണ് സ്വകാര്യതയിലേക്കുള്ള ചാര സ്‌പൈവെയറിന്റെ നുഴഞ്ഞുകയറ്റം.

എന്‍.എസ്.ഒ. ഗ്രൂപ്പിനെതിരേ യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ വാട്സ്ആപ്പിന്റെ ഉടമകളായ ഫെയ്‌സ്ബുക്ക് കേസുകൊടുത്തിരിക്കുകയാണ്. പെഗാസസ് സ്‌പൈവെയറിന് ഒരേസമയം 50 സ്മാര്‍ട്ട് ഫോണുകള്‍ വരെ ഹാക്ക് ചെയ്യാനാവുമെന്നു പറയപ്പെടുന്നു. അഞ്ഞൂറിലേറെ ഫോണുകള്‍ ഒരു വര്‍ഷം പെഗാസസിന് നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാലേവ് ഹുലിയോയും ഒമ്രി ലാവിയും ചേര്‍ന്ന് ഫെബ്രുവരി 2019ലാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് എന്‍എസ്ഒ ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. ഈ ഏറ്റെടുക്കലിന് മൂലധനമൊരുക്കിയത് നോവാലിന ക്യാപിറ്റല്‍ എന്ന കമ്പനിയാണ്.ഒരു വര്‍ഷത്തേക്കുള്ള ലൈസന്‍സിന് 7മുതല്‍ 8 മില്യണ്‍ യുഎസ് ഡോളറാണ് ചെലവാകുകയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.

17 ഇന്ത്യക്കാര്‍ അടക്കം 20രാജ്യങ്ങളിലെ 1400 ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇസ്രായേലി എന്‍.എസ്.ഒ ചോര്‍ത്തിയെന്നാണ് വാട്‌സാപ്പ് അമേരിക്കന്‍ കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍,ആക്ടിവിസ്റ്റുകള്‍ എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്.

Similar News