മിസ്ഡ് കോൾ ഹാക്കിങ്: നിങ്ങളുടെ വാട്സാപ്പ് ഇപ്പോൾത്തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി
പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിൽ ഗുരുതര സുരക്ഷാ പിഴവ്. ഒരൊറ്റ വോയ്‌സ് കോളിലൂടെ ഹാക്കർമാർക്ക് വാട്സാപ്പ് ഉപയോക്താക്കളുടെ ഫോണിലെ കാമറ, മൈക്രോഫോൺ തുടങ്ങിയ സെൻസറുകൾ ആക്സസ് ചെയ്യാൻ സാധിച്ചുവെന്നാണ് കണ്ടെത്തൽ.
നിങ്ങൾ കോൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ഹാക്കർമാർക്ക് വെറും ഒരു വോയ്‌സ് കോളിലൂടെ നിങ്ങളുടെ ഫോണിൽ ഒരു സ്പൈവെയർ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. ഈ സ്പൈവെയർ ഉപയോഗിച്ച് ഫോണിലേക്ക് 'നുഴഞ്ഞ് കയറാൻ' സൈബർ അക്രമികൾക്ക് സാധിക്കും.
ഉപഭോക്താക്കൾ ആപ്പും ഒപ്പം ആൻഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇസ്രയേൽ ആസ്ഥാനമായ എൻഎസ്ഒ ഗ്രൂപ്പ് എന്ന സൈബർ ഇന്‍റലിജൻസ് സ്ഥാപനമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്. പെഗാസസ് എന്ന അവരുടെ സ്പൈവെയർ ആണ് ഇതിനായി ഉപയോഗിക്കപ്പെട്ടതെന്നാണ് കണ്ടെത്തൽ.