വെര്‍ച്വല്‍ റിയാലിറ്റി ഗെയ്മിംഗ് ലൗഞ്ച്: കേരളത്തിൽ വൻ സാധ്യതകൾ

Update: 2018-11-23 10:50 GMT

സ്റ്റാര്‍ വാര്‍സ് സിനിമയിലെ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ കണ്ട്, 'വൗ' എന്നു പറയാത്തവര്‍ ചുരുക്കമായിരിക്കും. മുത്തശ്ശിക്കഥകളിലെയും സയന്‍സ് ഫിക്ഷന്‍ സിനിമകളിലെയും മായിക ലോകം കാണാന്‍ ആഗ്രഹിക്കാത്ത ഒരു കുട്ടിയും ഉണ്ടാവില്ല.

അത്തരം ഒരു അനുഭവം സാങ്കേതികവിദ്യയുടെ സഹായത്തോടെ സാങ്കല്‍പ്പികമായി സൃഷ്ടിക്കുകയാണ് പാലക്കാട് ചന്ദ്രനഗറിലുള്ള എവര്‍ VR എന്ന കമ്പനി. ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ ധാരാളമായുള്ള വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഗെയിമിംഗ് ലൗഞ്ച് കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഈ സ്ഥാപനം.

ഗെയ്മിംഗ് കമ്പമുള്ള യുവ തലമുറയെ ആണ് ഈ വെര്‍ച്വല്‍ റിയാലിറ്റി ഗെയ്മിംഗ് ലൗഞ്ച് ലക്ഷ്യമിടുന്നത്. 'വാരാന്ത്യത്തില്‍ സ്ഥിരമായി ഈറ്റ് ഔട്ടുകളിലും പാര്‍ക്കിലും മാളിലും സമയം ചെലവിടാന്‍ ആഗ്രഹിക്കുന്ന യുവതലമുറക്ക് വെര്‍ച്വല്‍ റിയാലിറ്റി ഗെയ്മിംഗ് ലൗഞ്ച് ഒരു പുതിയ അനുഭവമായിരിക്കും. വിനോദ വ്യവസായ മേഖലയ്ക്ക് ഒരു പുതിയ സാധ്യത കൂടിയാണ് വി ആര്‍ ഗെയ്മിംഗ് ലൗഞ്ചുകള്‍' എവര്‍ വി ആറിന്റെ സ്ഥാപകന്‍ ഹരി നാരായണന്‍ പറയുന്നു.

കാണാം ആ മായാലോകം

വെര്‍ച്വല്‍ റിയാലിറ്റി പൂര്‍ണമായും അയഥാര്‍ഥ ലോകം സൃഷ്ടിക്കുന്നു. ഇല്ലാത്ത ഒന്നിനെ മനസില്‍ ചിത്രീകരിക്കുകയാണല്ലോ സ്വപ്‌നങ്ങള്‍. അതേപോലെ പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അയഥാര്‍ഥ ലോകം സൃഷ്ടിച്ച് ഒരു ഭാവനാ ലോകത്തേക്ക് കൊണ്ടുപോകുകയാണ് ഇത്തരം VR ആര്‍ക്കേഡുകള്‍. ഒരു സിനിമ കാണുമ്പോള്‍ നിങ്ങള്‍ ആ സീനിലുണ്ടായിരുന്നെങ്കില്‍ എന്ന് സങ്കല്‍പ്പിക്കുക. VR ഹെഡ്‌സെറ്റിന്റെ സഹായത്തോടെ കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും നമ്മെ അവിടെയെത്തിക്കും എവര്‍ വിആര്‍ ഗെയ്മിംഗ് ലൗഞ്ച്.

ഫേസ്ബുക്കിന്റെ ഒക്യൂല്‌സ് റിഫ്ട് വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ചാല്‍ എവര്‍ വി ആറില്‍ നില്‍ക്കുന്ന നിങ്ങളുടെ മുന്നില്‍ വെര്‍ച്വല്‍ രൂപത്തിലുള്ള സ്‌പേസ് സ്റ്റേഷന്‍ മുതല്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് വരെ പ്രത്യക്ഷപ്പെടും. 360 ഡിഗ്രി 3 ഉ വിഷ്വല്‍ അനുഭൂതിയാണ് ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുക.

ബിസിനസ് സാധ്യതകളും

ഇന്ത്യക്കകത്തും പുറത്തും പല തരത്തിലും വലുപ്പത്തിലും ഉള്ള വി ആര്‍ ലൗഞ്ചുകള്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് ഇത്തരം ഒരു ആശയം മനസില്‍ വന്നതെന്ന് ഹരി പറയുന്നു. ഗെയിമുകളുടെ എണ്ണങ്ങള്‍ അനുസരിച്ചു കണ്‍സോളുകളും പോഡുകളും ഉണ്ടായിരിക്കണം.

പരിമിതമായ സ്ഥലത്തും തുടങ്ങാമെന്നത് ഇതിന്റെ ബിസിനസ് സാധ്യതയും വര്‍ധിപ്പിക്കുന്നു. സിനിമ തീയേറ്റര്‍, മാളുകള്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. പ്രധാന ബിസിനസിനോട് ചേര്‍ന്ന് ഒരുവരുമാന മാര്‍ഗമായി ഇത്തരം ലൗഞ്ചുകളെ പ്രയോജനപ്പെടുത്താനും സാധിക്കുമെന്ന് ഹരിനാരായണന്‍ ചൂണ്ടിക്കാണിക്കുന്നു.

ഫോണ്‍: 8281463179, 9567681795

Similar News