ലോകത്തിലെ ഏറ്റവും വലിയ റീറ്റെയ്‌ലറായ വാള്‍മാര്‍ട്ടില്‍ നിന്നും ടാബ്ലറ്റ് കംപ്യൂട്ടറും. തങ്ങളുടെ ONN സ്റ്റോര്‍ ബ്രാന്‍ഡില്‍ കുട്ടികള്‍ക്ക് പറ്റിയ ടാബ്ലറ്റ് ആണ് അവതരിപ്പിക്കുന്നത്. ചൈനീസ് കമ്പനിയാണ് വാള്‍മാര്‍ട്ടിനായി ഉല്‍പ്പന്നം നിര്‍മ്മിക്കുന്നത്.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇത് കുറച്ചുനാളുകളായി മന്ദഗതിയില്‍ തുടരുന്ന ടാബ്ലറ്റ് വിപണിക്ക് ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ മാറ്റിവാങ്ങുന്നതുപോലെ ഉപഭോക്താക്കള്‍ കാര്യമായി ടാബ് വാങ്ങുന്നില്ല. എന്നാല്‍ കുട്ടികളെ ഉന്നം വെക്കുന്ന, ഐപാഡിനെക്കാള്‍ വിലക്കുറഞ്ഞ ടാബുകള്‍ക്ക് വിപണിയില്‍ ഡിമാന്റുണ്ട്. ആമസോണ്‍ കിന്‍ഡില്‍ ഫയര്‍ എന്ന പേരില്‍ ടാബ്ലറ്റ് അവതരിപ്പിച്ചിരുന്നു. ഇതില്‍ കുട്ടികള്‍ക്കുള്ള വേര്‍ഷനും ഉണ്ട്. കൂടാതെ മറ്റു പല ബ്രാന്‍ഡുകളും ഈ രംഗത്ത് കൈവെച്ചിരുന്നു.
ഹെഡ്‌ഫോണ്‍, ചാര്‍ജിംഗ് കേബിളുകള്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വാള്‍മാര്‍ട്ട് ONN സ്റ്റോര്‍ ബ്രാന്‍ഡ് ഇതാദ്യമായാണ് ടാബ്ലറ്റ് വിപണിയിലേക്ക് കടക്കുന്നത്. വാള്‍മാര്‍ട്ട് വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ടാബ്ലറ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.