ഒരു ദിവസം കൊണ്ട് ഗൂഗിൾ നിങ്ങളെക്കുറിച്ച് എന്തൊക്കെ പഠിക്കും?

Update: 2019-04-03 10:46 GMT

ആഗോള ടെക്ക് ഭീമനായ ഗൂഗിളിന് മുൻപിൽ നമ്മുടെ ജീവിതമെല്ലാം ഓരോ തുറന്ന പുസ്തകങ്ങളാണ്. കമ്പനിയുടെ ഉൽപ്പന്നങ്ങളൊന്നും നേരിട്ട് ഉപയോഗിച്ചില്ലെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് ഗൂഗിളിന്ന നന്നായറിയാം.

രണ്ടു തരത്തിലാണ് ഗൂഗിൾ നിങ്ങളുടെ ഡേറ്റ ശേഖരിക്കുന്നത്. ഒന്ന് ആക്റ്റീവ്, മറ്റൊന്ന് പാസ്സീവ്. ആക്റ്റീവ് ഡേറ്റ കളക്ഷൻ നടക്കുന്നത് ഒരു ഗൂഗിൾ ഉൽപന്നവുമായി നിങ്ങൾ നേരിട്ട് ഇടപെടുമ്പോഴാണ്. ഉദാഹരണത്തിന് ജിമെയിൽ ഉപയോഗിക്കൂമ്പോഴോ അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്യുമ്പോഴോ.

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം, ഗൂഗിൾ അഡ്വെർടൈസിംഗ് ടൂളുകൾ, ബാക്ക്ഗ്രൗഡിൽ പ്രവർത്തിക്കുന്ന ആപ്പുകൾ എന്നിവ വഴിയുള്ളതാണ് പാസ്സീവ് ഡേറ്റ കളക്ഷൻ.

യഥാർത്ഥ ലോകത്തേയും വെർച്വൽ ലോകത്തേയും നിങ്ങളുടെ പെരുമാറ്റ രീതികളും ഇടപെടലുകളും പഠിക്കുകയും അതുപയോഗിച്ച് നമ്മുടെ ഓരൊരുത്തരുടേയും സമ്പൂർണ പ്രൊഫൈൽ സൃഷ്ടിക്കുകയുമാണ് ശേഖരിച്ചുവെച്ചിരിക്കുന്ന ഡേറ്റ ഉപയോഗിച്ച് ഗൂഗിൾ ചെയ്യുന്നത്. പ്രൊഫൈൽ സൃഷ്ടിക്കുന്നത് കൂടുതൽ പേഴ്‌സണലൈസ്ഡ് ആയ എക്സ്‌പീരിയൻസ് നൽകാനും വ്യക്തികളെ ടാർഗറ്റ് ചെയ്തുള്ള പരസ്യങ്ങളിൽ നിന്ന് പണമുണ്ടാക്കാനുമാണ്.

ഗൂഗിളിന്റെ 80 ശതമാനത്തിലധികവും വരുമാനം പരസ്യങ്ങളിൽ നിന്നാണ്. കഴിഞ്ഞ പാദത്തിൽ 32.6 ബില്യൺ ഡോളറായിരുന്നു ഗൂഗിൾ പരസ്യങ്ങളിൽ നിന്ന് നേടുന്നത്. 6.6 ബില്യൺ മറ്റ് സോഴ്‌സുകളിൽ നിന്നും.

ഒരു ദിവസം നിങ്ങളെക്കുറിച്ച് 'എന്തെല്ലാം മനസിലാക്കുന്നു?

നിങ്ങൾ നടക്കുകയാണോ ഓടുകയാണോ അതോ വാഹനത്തിൽ യാത്ര ചെയ്യുകയാണോ എന്നുവരെ മനസിലാക്കാനുള്ള ലൊക്കേഷൻ ഡേറ്റ ഗൂഗിൾ ശേഖരിക്കുന്നുണ്ട്. വൈഫൈ ആക്സസ് പോയ്ന്റുകളും ഐപി അഡ്രസും ഉപയോഗിച്ച് നിങ്ങൾ ജോലി ചെയ്യുന്നതെവിടെയാണ് താമസിക്കുന്നതെവിടെയാണ് എന്നെല്ലാം അറിയാനും സാധിക്കും.

നിങ്ങളുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി നോക്കി നിങ്ങളുടെ താല്പര്യങ്ങൾ, തൊഴിൽ, ജീവിത സാഹചര്യങ്ങൾ എന്നിവ അറിയാൻ ഗൂഗിളിന് സാധിക്കും. അതനുസരിച്ചുള്ള കണ്ടെന്റ്, പ്രധാനമായും പരസ്യങ്ങൾ, നിങ്ങളിലേക്ക് എത്തിക്കും.

ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്തൊക്കെ വാങ്ങുന്നു, എന്തെല്ലാം സേവനങ്ങൾ ഉപയോഗിക്കുന്നു, നിങ്ങളുടെ ശരാശരി വരുമാനമെത്ര ഇതെല്ലം ഇവർ മനസിലാക്കും.

നിങ്ങളുടെ ഓരോ ഇമെയിലും ഗൂഗിൾ സ്കാൻ ചെയ്യുന്നുണ്ട്. നിങ്ങൾ ഒരു അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തിട്ടുണ്ടെങ്കിൽ അത് മെയിലിലെ വിവരങ്ങൾ വഴി ട്രാക്ക് ചെയ്യാനും ഗൂഗിളിനാകും.

നിങ്ങളുടെ മൊബൈൽ ഫോണിൽ മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതിന്റെ നോട്ടിഫിക്കേഷൻ ഗൂഗിളിന് ലഭിക്കും. നിങ്ങൾ കാണുന്ന വീഡിയോകളുടെ ലിസ്റ്റ് യുട്യൂബ് ശേഖരിക്കുന്നുണ്ട്.

ആൻഡ്രോയിഡും ക്രോമുമാണ് ഗൂഗിളിന്റെ പ്രധാന 'ഡേറ്റ കളക്ഷൻ ടൂളുകൾ'.

ഇനി ആൻഡ്രോയിഡ് ഉപേക്ഷിച്ച് നിങ്ങൾ ആപ്പിൾ ഐഒഎസ് തെരഞ്ഞെടുത്തു എന്ന് വിചാരിക്കൂ. എങ്കിലും ഗൂഗിളിന് നിങ്ങളുടെ അത്യാവശ്യം ഡേറ്റ ശേഖരിക്കാനാവും. കാരണം ഗൂഗിളിന്റെ പരസ്യ സേവനത്തിന് അവിടെയും ആക്സസ്സ് ഉണ്ട്.

Similar News