എന്താണ് വൈ-ഫൈ കോളിംഗ്, നിങ്ങളുടെ ഫോണില്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
ഇന്ത്യയില്‍ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ മുതലായവര്‍ ഈ സേവനം നല്‍കുന്നുണ്ട്. സൗജന്യമായാണ് സേവനം ലഭ്യമാകുന്നത്.
വൈ-ഫൈ കോളിംഗ് എന്ന് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ വൈ-ഫൈ കോളിംഗ് ഉപയോഗിക്കുന്നവര്‍ വളരെ ചുരുക്കം ആയിരിക്കും. വൈ-ഫൈ ഉപയോഗിച്ച് റെഗുലര്‍ ഫോണ്‍ വിളികള്‍ നടത്തുന്നതിനെ ആണ് വൈ-ഫൈ കോളിംഗ് എന്ന് വിളിക്കുന്നത്.
മതിയായ നെറ്റ്‌വര്‍ക്ക് കവറേജ് അല്ലെങ്കില്‍ റേഞ്ച് ഇല്ലാത്ത ഇടങ്ങളിലാണ് വൈ-ഫൈ കോളിംഗ് പ്രയോജനപ്പെടുക. ഉദാഹരണത്തിന് നിങ്ങള്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കില്ലാത്ത ഒരു കെട്ടിടത്തിലാണെന്ന് കരുതുക. അവിടെ വൈ-ഫൈ ലഭ്യമാണെങ്കില്‍ റെഗുലര്‍ ഫോണ്‍ വിളികള്‍ സാധ്യമാണ്. ഇതിന് നിങ്ങളുടെ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കള്‍ വൈ-ഫൈ കോളിംഗ് നല്‍കുന്നവരായിരിക്കണം.
ഇന്ത്യയില്‍ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡാഫോണ്‍ ഐഡിയ മുതലായവര്‍ ഈ സേവനം നല്‍കുന്നുണ്ട്. വൈഫൈ കോളിംഗിനായി പ്രത്യേക ചര്‍ജുകളൊന്നും ഈടാക്കുന്നതല്ല. ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സ്മാര്‍ട്ട് ഫോണുകളും വൈഫൈ കോളിംഗ് സപ്പോര്‍ട്ട് ചെയ്യുന്നവയാണ്. ഫോണിന്‍റെ നെറ്റ്‌വര്‍ക്ക് സെറ്റിങ്സില്‍ ഇത് പരിശോധിക്കാം.
സാധാരണ ഉപയോഗിക്കുന്ന VoLTEന് പകരം VoIP(voice over internet protocol)നെറ്റ്‌വര്‍ക്ക് ആണ് വൈഫൈ കോളിംഗ് ഉപയോഗിക്കുന്നത്. വൈ-ഫൈ കോളിംഗിന്‍റെ സമയത്തും നിങ്ങളുടെ സംസാരം സേവന ദാതാക്കള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ ഒരു പാസ്‌വേര്‍ഡ് പ്രൊട്ടക്റ്റഡ് അല്ലാത്ത വൈ-ഫൈ ഉപയോഗിച്ചാലും താരതമ്യേന സുരക്ഷിതമായിരിക്കും.
വൈഫൈ കോളിംഗ് നിങ്ങളുടെ ഫോണില്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ,
- ഫോണ്‍ സെറ്റിങ്സില്‍ നിന്ന് നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കുക (ചില ഫോണുകളില്‍ ഇവ കണക്ഷൻ/ മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്നാകും കാണുക.
- നെറ്റ്‌വര്‍ക്ക് സെറ്റിങ്സില്‍ നിന്ന് വൈഫൈ പ്രിഫറന്‍സ് തെരഞ്ഞെടുക്കുക. ശേഷം അഡ്‌വാന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് വൈഫൈ കോളിംഗ് ഓപ്ഷന്‍ ലഭ്യമാണോ എന്ന് പരിശോധിക്കുക. ലഭ്യമാണെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്ത് ഏത് സിം ആണോ അത് തെരഞ്ഞെടുക്കുക.
- ഐഫോണ്‍ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍, സെറ്റിങ്സില്‍ ഫോണ്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് മൊബൈല്‍ ഡാറ്റ എന്ന ഓപ്ഷനില്‍ നിന്ന് വൈഫൈ കോളിംഗിലേക്ക് എത്താം. ശേഷം Wi-Fi calling on this iphone എന്ന ഓപ്ഷന്‍ ഉപയോഗിച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം.