വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് പരസ്പരം മെസേജ് അയയ്ക്കാന്‍ സാധിച്ചേക്കും

Update: 2020-07-09 09:07 GMT

ഫേസ്ബുക്ക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളായിരുന്നു വാട്ട്‌സാപ്പും ഇന്‍സ്റ്റാഗ്രാമും. അതായത് ഏറ്റവും മികച്ച മൂന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലായി. വാട്ട്‌സാപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നീ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിച്ച് ഒറ്റ സേവനത്തിലേക്ക് വരുന്ന കാര്യം കഴിഞ്ഞ വര്‍ഷം തന്നെ ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇതിനുള്ള ആദ്യപടി ഫേസ്ബുക്ക് എടുക്കുകയാണ്.

ഈ മുന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്കല്‍ ഡാറ്റാബേസില്‍ ഫേസ്ബുക്ക് ടേബിളുകള്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. ഇത് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും സേവനങ്ങളും മാനേജ് ചെയ്യുന്നതിന് സഹായിക്കും. ഫേസ്ബുക്കിന് ഇതില്‍ നിന്ന് ഉപയോക്താക്കളുടെ ചില വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.

ഈ സൗകര്യം വളരെ തുടക്കത്തിലുള്ള ഘട്ടത്തിലായതുകൊണ്ട് വിവിധ പ്ലാറ്റ്‌ഫോമുകളിലുള്ള ഉപയോക്താക്കള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുമെന്നതിന് ഇപ്പോള്‍ ഉറപ്പുപറയാനാകില്ല. പക്ഷെ ഈ സേവനം എത്തിയേക്കുമെന്ന് തന്നെയാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ഇത്തരത്തിലുള്ള സേവനം ഫേസ്ബുക്ക് കൊണ്ടുവരുകയാണെങ്കില്‍ ഒന്നുകില്‍ വാട്ട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സെക്യൂരിറ്റി സേവനം എടുത്തുമാറ്റേണ്ടിവരും. അല്ലെങ്കില്‍ ഫേസ്ബുക്കിന്റെ മെസഞ്ചറിലും ഇന്‍സ്റ്റാഗ്രാമിലും ഈ സംവിധാനം കൊണ്ടുവരേണ്ടിവരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News