ഇനി, വാട്ട്‌സ്ആപ്പിലൂടെ വായ്പ നേടാം, പോളിസിയെടുക്കാം

Update: 2020-07-23 10:02 GMT

ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ ഗ്രാമീണ മേഖല പോലും സാമ്പത്തിക ഇടപാടുകള്‍ക്ക് ഓണ്‍ലൈനിനെ ആശ്രയിക്കുമ്പോള്‍, 40 കോടിയിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള വാട്ട്‌സ്ആപ്പിന് എങ്ങനെ മാറി നില്‍ക്കാനാകും? വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്ത് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനൊരുങ്ങുകയാണ് അവര്‍. വായ്പ, മൈക്രോ ഇന്‍ഷുറന്‍സ്, മൈക്രോ പെന്‍ഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വാട്ട്‌സ് ആപ്പ് ഇന്ത്യാ തലവന്‍ അഭിജിത് ബോസ് പറയുന്നു.

ഇതിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികളുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ വാട്ട്‌സ് ആപ്പ് ഈ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ചെയ്തു വരുന്നുണ്ട്. ഇതില്‍ നിന്നുള്ള പ്രതികരണത്തെ ആശ്രിയിച്ചാവും എന്തൊക്കെ സേവനങ്ങള്‍, എങ്ങനെ നല്‍കണമെന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുക്കുക.

ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎം, ഫോണ്‍പേ തുടങ്ങിയവയ്ക്കും കഴിഞ്ഞ ദിവസം ഈ രംഗത്തേക്കുള്ള പ്രവേശനം പ്രഖ്യാപിച്ച ആമസോണ്‍ പേക്കും വലിയ വെല്ലുവിളിയാകും ഫേസ്ബുക്കിനു കീഴിലുള്ള വാട്ട്‌സ് ആപ്പിന്റെ രംഗപ്രവേശം. റഹേജ ക്യുബിഇ ജനറല്‍ ഇന്‍ഷുറന്‍സിനെ ഏറ്റെടുത്ത് പേടിഎമ്മും ഐസിഐസിഐ ലൊംബാര്‍ഡുമായി സഹകരിച്ച് ഫോണ്‍പേയും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ ആക്കോയുടെ പങ്കാളിത്തത്തോടെയാകും ആമസോണ്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുക.
40 കോടിയിലേറെ വരുന്ന ഉപയോക്താക്കള്‍ കൂടെയുണ്ടെന്നതാണ് വാട്ട്‌സ് ആപ്പിന്റെ കരുത്ത്. കൂടാതെ വന്‍ നിക്ഷേപത്തോടെ റിലയന്‍സ് ജിയോയുമായി ചേര്‍ന്നതും വാട്ട്‌സ്ആപ്പിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു.

ഒന്നര വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക സേവനങ്ങള്‍ പൂര്‍ണതോതില്‍ ലഭ്യമാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇതിലൂടെ കുറഞ്ഞത് 20 കോടി പുതിയ ഉപയോക്താക്കളെ കൂടി ലഭിക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News