ഇനി അത്യാവശ്യ മെസേജുകള്‍ തപ്പി നടക്കേണ്ട, പുതിയ സൗകര്യവുമായി വാട്‌സാപ്പ്
24 മണിക്കൂര്‍ മുതല്‍ 30 ദിവസം വരെ സന്ദേശങ്ങള്‍ പിന്‍ ചെയ്ത് വയ്ക്കാം
ഇനി അത്യാവശ്യ മെസേജുകള്‍ വാട്‌സാപ്പില്‍ പിന്‍ ചെയ്തു വയ്ക്കാന്‍ സാധിക്കും. പലപ്പോഴും ഓഫീസില്‍ നിന്നുള്‍പ്പെടെയുള്ള മെസേജുകള്‍ വായിച്ച ശേഷം പിന്നീട് അതു മറന്നു പോകുന്നതു മൂലം പല പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ ഇനി മൂതല്‍ ഓര്‍മിക്കേണ്ട മെസേജുകള്‍ പിന്‍ ചെയ്തു വയ്ക്കാം. മൂന്നു മെസേജുകള്‍ വരെ ഒരേ സമയം പിന്‍ ചെയ്ത് വയ്ക്കാനുള്ള സൗകര്യമാണ് വാട്‌സാപ്പ് നല്‍കുന്നത്. അത്യാവശ്യം സൂക്ഷിക്കേണ്ട നമ്പറുകള്‍, അഡ്രസ് തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ പിന്‍ ചെയ്ത് സൂക്ഷിക്കാം.
സന്ദേശങ്ങളില്‍ ലോംഗ് പ്രസ് ചെയ്ത് പിന്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത് വളരെ സിംപിളായി ഈ സൗകര്യം ലഭ്യമാക്കാം. കൂടാതെ എത്ര നേരത്തേക്ക് മെസേജ് പിന്‍ ചെയ്ത് വയ്ക്കണമെന്ന് രേഖപ്പെടുത്താനും സാധിക്കും. 24 മണിക്കൂര്‍ മുതല്‍ 30 ദിവസം വരെ ഇത്തരത്തില്‍ സന്ദേശങ്ങള്‍ പിന്‍ ചെയ്ത് വയ്ക്കാനുള്ള സൗകര്യമുണ്ട്. വീണ്ടും സൂക്ഷിക്കേണ്ട മെസേജുകളാണെങ്കില്‍ 30 ദിവസത്തിനു ശേഷം റീ പിന്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ എല്ലാക്കാലത്തേക്കുമായി പിന്‍ ചെയ്തു വയ്ക്കാനുള്ള സൗകര്യം തത്കാലമില്ല.
മറ്റ് ഫീച്ചറുകളും
അതേ പോലെ ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ക്ക് പ്രാധാന്യമനുസരിച്ച് നക്ഷത്ര ചിഹ്നം (Star) നല്‍കാനും സാധിക്കും. കോണ്‍ടാക്റ്റ് ഇന്‍ഫൊര്‍മേഷന്‍ മെന്യുവില്‍ നിന്ന് സ്റ്റാര്‍ഡ് മെസേജുകള്‍ കണ്ടെത്താന്‍ സാധിക്കും. വാട്‌സാപ്പിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാണ്.
അടുത്തിടെ വാട്‌സാപ്പ് പുതിയ ആപ്പ് ലോക്ക് ഫീച്ചറും അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലഭ്യം. ഇതുകൂടാതെ ആന്‍ഡ്രോയിഡ് 2.24.6.16 വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ചാറ്റ് ഫില്‍റ്റര്‍ ഫീച്ചറും ലഭ്യമാകുന്നുണ്ട്. ചാറ്റ് വ്യൂ സ്ട്രീംലൈന്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന സംവിധാനമാണിത്. വായിക്കാത്ത സന്ദേശങ്ങള്‍ കാണാനും ഗ്രൂപ് ചാറ്റുകളും മറ്റും വേഗത്തില്‍ ആക്സസ് ചെയ്യാനുമൊക്കെ സാധിക്കുന്ന ഫില്‍റ്ററാണ് വാട്ട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്.