വാട്‌സാപ്പിലൂടെ പണമയയ്ക്കാന്‍ അനുമതി ലഭിച്ചു; നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

Update: 2020-11-06 10:34 GMT

വാട്‌സാപ്പിലൂടെ പണമിടപാട് നടത്താനുള്ള സമ്മതം മൂളി നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). രാജ്യത്ത് വാട്‌സാപ്പ് ഉപയോഗിക്കുന്ന 400 ദശലക്ഷം ഉപയോക്താക്കളില്‍  20 ദശലക്ഷത്തോളം പേര്‍ക്ക് മെസേജിംഗിനും വീഡിയോ കോളിനും പുറമെ രാജ്യത്ത്് എവിടെ ഇരുന്നും എളുപ്പത്തില്‍ പണമയയ്ക്കാനുള്ള സംവിധാനമായി ഈ ജനകീയ മെസേജിംഗ് പ്ലാറ്റ്‌ഫോം മാറുകയാണ്. മള്‍ട്ടി ബാങ്ക് യുപിഐ മോഡലിലാകും പണമിടപാടുകള്‍ സാധ്യമാകുക.

ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് യുപിഐ ഇടപാടുകളിലേക്ക് പ്രവേശിക്കുന്നുവെന്ന് വളരെ കാലം മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നതാണ്. 2018 മുതല്‍ പലവിധ അനുമതികള്‍ കാത്ത് നീണ്ട് പോകുകയായിരുന്നു. ഓഗസ്റ്റില്‍ വാട്‌സാപ്പ് പ്രാദേശിക തലത്തില്‍ ഡേറ്റ ലോക്കലൈസേഷന് വേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി എന്‍പിസിഐ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. വാട്‌സാപ്പിന്റെ പത്ത് ഇന്ത്യന്‍ പ്രാദേശിക ഭാഷാ പതിപ്പുകളില്‍ പേയ്മെന്റുകള്‍ ലഭ്യമാകും. ഇതിനായി ഉപയോക്താക്കള്‍ക്ക് യുപിഐയെ പിന്തുണയ്ക്കുന്ന ഒരു ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് മാത്രം മതി. 

യുപിഐ വഴി നടത്തപ്പെടുന്ന രണ്ട് ബില്യണ്‍ പണമിടപാടുകളുടെ 30 ശതമാനം സ്വകാര്യ തേര്‍ഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഫോണ്‍പേ, ഗൂഗ്ള്‍ പേ, പേടിഎം, ആമസോണ്‍ പേ എന്നിവയാണ് യുപിഐ തേര്‍ഡ് പാര്‍ട്ടികളിലെ മുന്‍നിരക്കാര്‍. ഇത്രയും വരിക്കാര്‍ യുപിഐ ഇടപാടുകള്‍ക്ക് ആശ്രയിക്കുന്നത് ഫോണ്‍പേയും ഗൂഗ്ള്‍ പേയും പോലുള്ള ആപ്പുകളാണെന്നതിനാല്‍ തന്നെ 30 ശതമാനം ക്യാപ് ഉയര്‍ത്തുക എന്ന ആവശ്യവും ആപ്പ് അധികൃതരുടെ ഭാഗത്തു നിന്നുണ്ട്.  സമീപഭാവിയില്‍ രാജ്യത്തെ മുഴുവന്‍ വാട്‌സാപ്പ് ഉപയോക്താക്കളിലേക്കും സേവനമെത്തിയേക്കും.

പണമിടപാടിനായി ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) തന്നെയാണ് വാട്‌സാപ്പും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വാട്‌സാപ്പ് 'വാലറ്റില്‍' പ്രത്യേകം പണമൊന്നും സൂക്ഷിക്കേണ്ടതില്ല.

വാട്ട്സാപ്പില്‍ പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്  ഡെബിറ്റ് കാര്‍ഡ് ഉള്ള ഒരു ബാങ്ക് അക്കൗണ്ടും ഫോണ്‍ നമ്പറും അക്കൗണ്ടിലേക്ക് ലിങ്കുചെയ്യേണ്ടതുണ്ട്.

ഗൂഗ്ള്‍ പേ പോലെ തന്നെ പേയ്മെന്റുകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാട്‌സാപ്പ് ഒരു പുതിയ യുപിഐ ഐഡി ക്രിയേറ്റ് ചെയ്യും. അപ്ലിക്കേഷനിലെ 'പേയ്മെന്റ്‌സ്' വിഭാഗത്തില്‍ പോയി നിങ്ങള്‍ക്ക് ഈ ഐഡി കണ്ടെത്താനാകും.

ഫോട്ടോകളും വീഡിയോകളും അയയ്ക്കാന്‍ നിങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്ന സ്‌ക്രീനിന്റെ ചുവടെയുള്ള 'അറ്റാച്ചുമെന്റ്‌സ്' ഐക്കണില്‍ ക്ലിക്കുചെയ്ത് പേയ്മെന്റുകള്‍ നടത്താനാകും.

പണം സ്വീകരിക്കുന്ന ആള്‍ വാട്‌സാപ്പ് പേയ്‌മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ 'യുപിഐ ഐഡി നല്‍കുക' എന്ന ഓപ്ഷന്‍ വാട്‌സാപ്പ് നല്‍കും. ഇടപാട് നടത്താന്‍ നിങ്ങള്‍ക്ക് അവരുടെ ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ അല്ലെങ്കില്‍ മറ്റ് യുപിഐ ഐഡി നല്‍കാം.

Similar News