'വാട്സ്ആപ്പ് പേ' ജൂണില്‍ ഇന്ത്യയില്‍ സജീവമാകും

Update: 2020-04-25 05:01 GMT

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് 'വാട്സ്ആപ്പ് പേ' ജൂണില്‍ ലഭ്യമായിത്തുടങ്ങിയേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഡാറ്റ സുരക്ഷ സംബന്ധിച്ച കര്‍ശന മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി കേന്ദ്ര സര്‍ക്കാരിന്റെ  യുപിഐ സ്‌കീം ഉപയോഗിച്ച് പേയ്മെന്റ് സേവനങ്ങള്‍ നല്‍കാന്‍ മെസേജ് അപ്ലിക്കേഷന് അനുമതി ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

സമീപഭാവിയില്‍ ജിയോയുടെ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ടും വാട്സ്ആപ്പും ചേര്‍ന്ന് മൂന്ന് കോടി പലചരക്ക് കടക്കാരെ അവരുടെ അയല്‍ ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ പ്രാപ്തമാക്കുമെന്ന് റലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി പറഞ്ഞിരുന്നു. 43,574 കോടിയുടെ ഇടപാടിലൂടെ റിലയന്‍സ് ജിയോയും ഫെയ്സ്ബുക്കും കൈകോര്‍ത്ത ശേഷം നടത്തിയ ഈ പ്രസ്താവനയുടെ അനുബന്ധമായാണ് വാട്സ്ആപ്പിന്റെ പേയ്മെന്റ് ബിസിനസ്സ് സജീവമാകുന്നത്. 

രാജ്യത്ത ഏറ്റവും വലിയ മൊബൈല്‍ പേയ്മെന്റ് അപ്ലിക്കേഷനുകളിലൊന്നായി മാറുമെന്നു കരുതപ്പെടുന്ന വാട്ട്സ്ആപ്പ് പേയ്ക്ക് എന്‍പിസിഐയില്‍ നിന്ന് അനുമതി ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറിയിരുന്നു. അതിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്ക് പരിഹരിക്കേണ്ട ഡാറ്റ പാലിക്കല്‍ പ്രശ്നങ്ങളായിരുന്നു മുഖ്യ തടസം. എന്നാല്‍, ഡാറ്റ സുരക്ഷ സംബന്ധിച്ച്് പേയ്മെന്റ് കമ്പനികള്‍ക്കായി റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയ എല്ലാ പ്രാദേശിക നിയമങ്ങളും പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ വാട്സ്ആപ്പിന്റെ പേയ്മെന്റ് ബിസിനസ്സ് വിഭാഗം മെയ് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് (എന്‍പിസിഐ) ഈയിടെ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഡാറ്റ സംഭരണ, ഡാറ്റ പങ്കിടല്‍ നിബന്ധനകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം വാട്സ്ആപ്പ് പേയുടെ പൂര്‍ണ്ണമായ പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിലേറെയായി  തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭാഗിക പ്രവര്‍ത്തനത്തിനായി വാട്ട്സ്ആപ്പിനെ അനുവദിക്കാന്‍ തീരുമാനിച്ചെങ്കിലും അനുമതി ലഭിച്ചില്ല. സുപ്രീം  കോടതിയില്‍ ഒരു കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വാട്സ്ആപ്പ് എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നപക്ഷം ഈ കേസ് തീര്‍പ്പായിക്കിട്ടും എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പേയ്മെന്റ് സ്ഥാപനങ്ങള്‍ക്കായി ബാങ്കിംഗ് റെഗുലേറ്റര്‍ നിശ്ചയിച്ചിട്ടുള്ള ഡാറ്റ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ കമ്പനി പൂര്‍ണ്ണമായും പാലിക്കാത്തതിനാല്‍ വാട്സ്ആപ്പ് പേ പുറത്തിറക്കാന്‍ അനുവദിക്കരുതെന്ന് എന്‍പിസിഐക്ക് നിര്‍ദേശം നല്‍കിയതായി നവംബറില്‍ റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.അതേസമയം, തങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ചുള്ള നീക്കം തുടരുകയാണെന്നും അതിലൂടെ  എല്ലാ ഉപയോക്താക്കള്‍ക്കും വാട്ട്സ്ആപ്പ് പേയ്മെന്റുകളിലേക്ക് പ്രവേശനം നല്‍കാന്‍ കഴിയുമെന്നും വാട്സ്ആപ്പ് വക്താവ് പറഞ്ഞു. കോവിഡ് -19 സമയത്ത് ഇത് വളരെ പ്രധാനമാണ്. കാരണം ഇത് ഇന്ത്യയിലെ 450 ദശലക്ഷം ഉപയോക്താക്കള്‍ക്ക് പണ ഇടപാട് നടത്താനുള്ള സുരക്ഷിതമായ മാര്‍ഗമാകുമെന്നും വക്താവ് പറഞ്ഞു.

നിരവധി പേയ്മെന്റ് അപ്ലിക്കേഷനുകള്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടെങ്കിലും റിലയന്‍സുമായുള്ള സഖ്യം കാര്യങ്ങള്‍ അനുകൂലമാക്കുമെന്നാണ് ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ. സോഫ്റ്റ്ബാങ്ക് പിന്തുണയോടെ വേരൂന്നിയ പേടിഎം, ഫോണ്‍ പെ, ഗൂഗിള്‍ പേ എന്നിവപോലുള്ള പേയ്മെന്റ് ആപ്ലിക്കേഷന്‍ പണം കൈമാറുന്നതിനോ പേയ്മെന്റുകള്‍ നടത്തുന്നതിനോ മാത്രമല്ല ഉപയോഗിക്കുന്നത്. മൂവി, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും മെട്രോ കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും ഡിടിഎച്ച് മുതലായവ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന സവിശേഷതകളും ഈ ആപ്ലിക്കേഷനുകളില്‍ ഉണ്ട്.

ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാന്‍ അനുവദിക്കുന്നു. വാട്ട്സ്ആപ്പ് പേ അതിന്റെ ഉപയോക്താക്കള്‍ക്ക് ഇത്തരം ചില സേവനങ്ങളെങ്കിലും നല്‍കുന്നതിനു പുറമേ, റിലയന്‍സുമായുള്ള പങ്കാളിത്തത്തോടെ മികച്ച ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖല പടുത്തുയത്തുമെന്ന നിരീക്ഷണമാണ് വ്യവസായ മേഖലയിലുള്ളത്. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് വിപണി 2019 നെ അപേക്ഷിച്ച് 2023 ല്‍ ഇരട്ടിയിലധികം വളര്‍ന്ന് 135 ബില്യണ്‍ ഡോളറാകുമെന്ന് പിഡബ്ല്യുസിയും ഇന്ത്യന്‍ വ്യവസായ ലോബി ഗ്രൂപ്പായ അസോച്ചാമും നടത്തിയ പഠനത്തില്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News