ഒരേസമയം ഇനി എട്ടുപേരെ വീഡിയോ കോള്‍ ചെയ്യാം; കോളിംഗ് സംവിധാനം പരിഷ്‌കരിച്ച് വാട്‌സാപ്പ്

Update: 2020-04-22 08:00 GMT

വാട്‌സാപ്പ് ഗ്രൂപ്പ് കോളുകള്‍ ഈ ലോക്ഡൗണില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഏറെ ഉപകാരപ്പെട്ടിരുന്നു. എന്നാല്‍ ഒരേ സമയം നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് കോളില്‍ പങ്കെടുക്കാന്‍ കഴിയില്ല എന്നതായിരുന്നു അതിലുണ്ടായിരുന്ന പോരായ്മ. എന്നാലിപ്പോഴിതാ ഈ പരാതി പരിഹരിക്കുകയാണ് കമ്പനി. ഇനി മുതല്‍ ഒരു വാട്‌സാപ്പ് കോളില്‍ തന്നെ ഒരേ സമയം എട്ട് പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും. വാട്‌സാപ് ബീറ്റ പതിപ്പിലെ വോയ്‌സ് കോളിലും ഈ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഐഒഎസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ബീറ്റ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.

വാട്‌സാപ്പ് ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പ് 2.20.132, ഐഒഎസ് ബീറ്റ ആപ്പ് പതിപ്പ് 2.20.50.25 എന്നിവയിലാണ് ഗ്രൂപ്പ് കോളിംഗിന്റെ പുതിയ സവിശേഷത കൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ സംവിധാനം ലഭ്യമാകാന്‍ ബീറ്റ പതിപ്പിലേക്ക് മാറിയാല്‍ മതിയാകും.

കൂടുതല്‍ ആളുകളെ ഒരേ സമയം ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ തങ്ങളുടെ ആപ്പിനെ അപ്‌ഡേറ്റ് ചെയ്തുകൊണ്ട് സൂം, ഗൂഗിള്‍ മീറ്റ് പോലുള്ള മറ്റ് വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളെ പിന്നിലാക്കാനാണ് വാട്‌സാപ്പ് ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് കമ്പനിയുടെ ശ്രമം.

ഇതിനായി ഒറ്റ ക്ലിക്കില്‍ തന്നെ എട്ട് പേരെ വിളിക്കാം. മുമ്പ് സൂം മീറ്റിംഗില്‍ മാത്രമായിരുന്നു എളുപ്പത്തില്‍ ഈ സംവിധാനം ലഭ്യമായിരുന്നത്. എന്നാല്‍ സൂം ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശവുമായി കേന്ദ്രം മുന്നോട്ടു വന്നതോടെ വാട്‌സാപ്പിന്റെ പുതിയ സൗകര്യത്തിലേക്ക് കൂടുതല്‍ പേര്‍ എത്താനാണിടയുള്ളതെന്ന് ഡേറ്റ വിദഗ്ധര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News