ഈ 5 ബാങ്കുകളിലേതെങ്കിലുമാണോ നിങ്ങളുടെ അക്കൗണ്ട്; എങ്കില്‍ വാട്‌സാപ്പിലൂടെ പണമയക്കാം

രണ്ട് കോടി ജനങ്ങള്‍ക്കാണ് ഇന്ത്യയില്‍ മാത്രംപണമയയ്ക്കാനുള്ള സൗകര്യം വാട്‌സാപ്പ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. ജനുവരി ഒന്നുമുതല്‍ വാട്‌സാപ്പ് പേ നിലവില്‍ വരുമ്പോള്‍ നിങ്ങള്‍ക്കും പണമയയ്ക്കാന്‍ കഴിയുമോ. അറിയാം.

Update: 2020-11-09 05:15 GMT

വാട്‌സാപ്പിലൂടെ പണമയയ്ക്കാനുള്ള സാധ്യത ഏറെക്കാലമായി ചര്‍ച്ചയിലുണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അതിന് അനുമതി നല്‍കിയത്. എന്നാല്‍ പ്രാരംഭത്തില്‍ രണ്ട് കോടിയോളം അക്കൗണ്ടുകള്‍ക്കേ വാട്‌സാപ്പിന് യുപിഐ സേവനം ലഭ്യമാകൂ. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പിന് രാജ്യത്ത് 40 കോടിയിലധികം ഉപയോക്താക്കളുണ്ട്.

2021 ജനുവരി 1 മുതല്‍ ഫോണ്‍ പേ, പേടിഎം, ഗൂഗ്ള്‍ പേ അടക്കമുള്ള ഓരോ തേര്‍ഡ് പാര്‍ട്ടി പേയ്മെന്റ് ആപ്പ് വഴിയും മൊത്തം പേയ്മെന്റിന്റെ 30% പരിധി നടപ്പാക്കുമെന്നും എന്‍പിസിഐ വ്യക്തമാക്കിയിട്ടുണ്ട്. വാട്‌സാപ്പിന്റെ 10 ഇന്ത്യന്‍ പ്രാദേശിക ഭാഷാ പതിപ്പുകളില്‍ 'പേയ്മെന്റ് സേവനം' ഇപ്പോള്‍ ലഭ്യമാണെന്ന് ഒരു വീഡിയോ പ്രസ്താവനയില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

ആര്‍ക്കൊക്കെ സേവനം ലഭിക്കും, എങ്ങനെ ?

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്‌മെന്റ് ബാങ്ക് എന്നീ അഞ്ച് ഇന്ത്യന്‍ ബാങ്കുകളുമായാണ് ഇപ്പോള്‍ വാട്‌സാപ്പ് യുപിഐ യ്ക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്. പണം അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ രാജ്യത്ത് ഒരു ബാങ്ക് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡും ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, മറ്റ് പേയ്മെന്റ് സേവനങ്ങളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, ഭീം ആപ്പ് എന്നിവ ഉപയോഗിക്കുന്ന അതേ സംവിധാനമായാണ് വാ്ട്‌സാപ്പും പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് 'വാലറ്റില്‍' ഒരു തുകയും കൈവശം വയ്‌ക്കേണ്ടതില്ല.

നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലുള്ള പണം എളുപ്പത്തില്‍, മറ്റ് ആളുകളുടെ അക്കൌണ്ടിലേയ്ക്ക് കൈമാറാനും സന്ദേശമയയ്ക്കാനും ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും. യുപിഐ പിന്‍ വഴിയാണ് വാട്‌സാപ്പ് പേ ഇല്ലാത്തവര്‍ക്ക് പണമയയ്ക്കുന്നത്.

Similar News