വിപ്രോയുടെ ഐ.ഐ.ഒ.ടി സെന്റര്‍ കൊച്ചിയില്‍

Update:2019-03-15 13:13 IST

വിവരസാങ്കേതികവിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റ് ഓഫ് തിംങ്‌സ് (ഐ.ഐ.ഒ.ടി) സെന്റര്‍ ഓഫ് എക്‌സലന്‍സിന് കൊച്ചിയില്‍ തുടക്കമായി.

സംസ്ഥാന ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ് ഐ.ഐ.ഒ.ടി ലാബിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വ്യാവസായിക ഉല്‍പാദനം, മോട്ടോര്‍ വാഹനങ്ങള്‍, ഹെല്‍ത്ത്‌കെയര്‍ ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ സാങ്കേതികവിദ്യാ വികാസം സാദ്ധ്യമാക്കാനും നൂതനമായ ഐ.ഐ.ഒ.ടി സൊലൂഷനുകള്‍ വികസിപ്പിക്കുന്നതിനും ഈ കേന്ദ്രം വഴിയൊരുക്കും.

നിര്‍മ്മിതബുദ്ധി, ബ്ലോക്ക്‌ചെയിന്‍, റോബോട്ടിക്‌സ് എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ലാബ് നൂതനമായ പ്രൂഫ് ഓഫ് കണ്‍സെപ്റ്റുകളും വിപണി അധിഷ്ഠിത ഐ.ഒ.ടി സൊലൂഷനുകളും വികസിപ്പിക്കും.

'ഇന്‍ഡസ്ട്രി 4.0 ആശയത്തില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യാ വികസനത്തിലാണ് കേരളം ശ്രദ്ധയൂന്നുന്നത്. കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ്‌വര്‍ക്കിന്റെ (കെ.എഫ്.ഒ.എന്‍) ഭാഗമായ ഫൈബര്‍ ടു ഹോം, എന്റര്‍പ്രൈസ് ആന്റ്് ഇന്‍സ്റ്റിറ്റിയൂഷന്‍ പദ്ധതി അടുത്ത 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ഐ.ഒ.ടി വികസനം പ്രാദേശിക സമ്പദ്‌വ്യവസ്ഥക്കും അതിലെ വ്യത്യസ്ത പങ്കാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യും' എം.ശിവശങ്കര്‍ ഐ.എ.എസ് പറഞ്ഞു.

കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിനും ബാംഗ്ലൂരിനും ശേഷം വിപ്രോയുടെ മൂന്നാമത്തെ ഐ.ഐ.ഒ.ടി കേന്ദ്രമാണ് ഇപ്പോള്‍ കൊച്ചിയില്‍ തുറന്നിരിക്കുന്നത്. ഒരു ടെക്‌നോളജി ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നവയുഗ സാങ്കേതിക വിദ്യകള്‍ അതിവേഗം വളരുകയാണെന്ന് വിപ്രോയുടെ ഐ.ഒ.ടി വിഭാഗം വൈസ്് പ്രസിഡന്റും ഗ്ലോബല്‍ ഹെഡുമായ ജയരാജ് നായര്‍ അഭിപ്രായപ്പെട്ടു.

എന്‍ജിനീയറിംഗ്, അനലിറ്റിക്‌സ്, കണ്‍സള്‍ട്ടിംഗ് തുടങ്ങി വിവിധ മേഖലകളിലെ മികവും കാര്യശേഷിയും പ്രയോജനപ്പെടുത്തിക്കൊണ്ട് കമ്പനികളുടെ ഐ.ഒ.ടി വല്‍ക്കരണത്തിന് സമഗ്രമായ എന്‍ജിനീയറിംഗ് സൊലൂഷനുകളാണ് വിപ്രോ വാഗ്ദാനം ചെയ്യുന്നത്.

Similar News